കൂത്താട്ടുകുളം: നഗരസഭയുടെ പ്രഥമ ഭരണ സമിതി പിരിഞ്ഞു. 25 അംഗ ഭരണസമിതിയിലെ എല്ലാവരും അവസാന കൗൺസിലിൽ എത്തിയിരുന്നു.യു.ഡി.എഫ് 12, എൽ.ഡി.എഫ് 11, യു.ഡി.എഫ് വിമതർ 2 എന്നിങ്ങനെയായിരുന്നു കൗൺസിലിലെ കക്ഷി നില.
കോൺഗ്രസിലെ രണ്ട് ഗ്രൂപ്പുകളിൽ ഓരോരുത്തർ വീതവും, രണ്ട് വിമതർക്കു വീതവും ചെയർമാൻ സ്ഥാനം ഭാഗിക്കാൻ കോൺഗ്രസ് ജില്ല നേതൃത്വം തയ്യാറായി.ഭരണം പിടിക്കാൻ വിമതർ പറഞ്ഞ കരാറുകൾ അംഗീകരിച്ചതോടെ, 4 ചെയർമാൻമാർ ഭരണത്തിൽ പങ്കാളികളാകുമെന്ന ധാരണയിൽ ഭരണം തുടങ്ങി. ഭരണസമിതിയിൽ കോൺഗ്രസിലെ പ്രിൻസ് പോൾ ജോൺ പ്രഥമ ചെയർമാനായി. ഒന്നര വർഷത്തിനു ശേഷം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി ജോസും,പിന്നീട് ഒന്നര വർഷത്തിനു ശേഷം വിമതനായി ജയിച്ച
ബിജു ജോണും, ഭരണം നടത്തി. കോൺഗ്രസ് വിമതനായി ജയിച്ച റോയി എബ്രാഹാമിന് കരാർ പ്രകാരം നഗരസഭ ചെയർമാനാകാൻ യു.ഡി.എഫ് അവസരം നിഷേധിച്ചതോടെ ഭരണ സമിതിയിൽ പ്രശ്നം രൂക്ഷമായി. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ റോയി എബ്രാഹം, കോൺഗ്രസ് നേതാവ് സി.വി.ബേബി എന്നിവർ പിന്തുണച്ചു. വൈസ് ചെയർപേഴ്സണും അവിശ്വാസത്തിലൂടെ പുറത്തായപ്പോൾ വികസന കാര്യസമിതി അദ്ധ്യക്ഷൻ സി.വി.ബേബി ആക്ടിങ്ങ് ചെയർമാനായി ഭരണം നടത്തി.തുടർന്നാണ് എൽ.ഡി.എഫ് പിന്തുണയോടെ റോയി എബ്രാഹം ചെയർമാനായത്. വൈസ് ചെയർപേഴ്സണായ വിജയ ശിവൻ്റെയും,ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസിൻ്റെയും,, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എൻ.പ്രഭകുമാറിന്റെയും, നേതൃത്വത്തിലാണ് നഗരസഭയുടെ ഒന്നര വർഷത്തെ ഇടതുപക്ഷ ഭണസമിതി ഭരണം നടത്തിയത് . നഗരസഭ കൗൺസിലർമാർ എല്ലാവരും അവസാന കൗൺസിലിൽ എത്തി ,വിടപറയലിൻ്റെ ദിനത്തിൽ ഗ്രൂപ്പ്ഫോട്ടോ എടുത്ത് സൗഹൃദം പങ്കിട്ട് പിരിഞ്ഞു.ഇവരിൽ പലരും വീണ്ടും മത്സരാർത്ഥികളായി തിരഞ്ഞെടുപ്പ് രംഗത്തുണ്ട്.