soman-
കടത്തുവഞ്ചിയുമായി സോമൻ

പറവൂർ: ഒരാളെയെങ്കിലും മറുകരയിലേയ്ക്ക് കടത്താൻ കൊതിക്കുകയാണ് ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം പാറയ്ക്കൽ - മാട്ടുപറും കടത്തിലെ കടത്തുകാരനായ സോമൻ. അറുപത്തിയഞ്ചാമത്തെ വയസിലും വീടിനു സമീപത്തുള്ള കടത്തുകടവിൽ ദിവസവും മുടങ്ങാതെ എത്തുന്നുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ ഏഴുമാസത്തിലധികമായി ഒരാളുപോലും കടത്തുകടക്കാൻ ഇവിടെയെത്തിയട്ടില്ല. രാവിലെ ആറിന് എത്തും, വൈകിട്ട് ഇരുട്ടുന്നതുവരെ കടവിനു സമീപത്തു കെട്ടിടുണ്ടാക്കിയ ഷെഡിൽ കാത്തിരിക്കും. ഇതിനിടെ തുഴയാനുള്ള ആഗ്രഹം വരുമ്പോൾ ആളൊഴിഞ്ഞ വഞ്ചിയുമായി മറുകര വരെ പോയി തിരിച്ചു വരും. ഇനിയെത്രനാൾ ഇങ്ങനെ തുടരേണ്ടിവരുമെന്ന വിഷമത്തിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഭാര്യയും രണ്ടു ആൺമക്കളും വീട്ടിൽ നിന്നും രാവിലെ ഇറങ്ങുമ്പോൾ ചോദിക്കും, ആരും വരുന്നില്ലെങ്കിൽ വീട്ടിലിരുന്നൂടെയെന്ന്. എന്നാൽ സോമന് കടത്തുകടവിൽ പോയാലെ ഒരു സമാധാനം വരൂ.

ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കടത്ത്

ചേന്ദമംഗലം പഞ്ചായത്തിലെ 24 വീടുകൾ പെരിയാറിന്റെ മറുകരയായ മാട്ടുപുറം ഭാഗത്തുണ്ട്. ഇവർക്കു വേണ്ടിയാണ് ഇന്നും പഞ്ചായത്ത് കടത്ത് നടത്തുന്നത്. കടത്തിനുള്ള വഞ്ചിയും അയ്യായിരം രൂപയാണ് ഒരു മാസത്തെ വേതനം. മണൽവാരൽ നിരോധനം വന്നതോടെ ചെറുപ്പം മുതലുള്ള ജോലി സോമന് ഇല്ലാതായി. വേതനം കുറവായതിനാൽ പലരും കടത്തുജോലി ഉപേക്ഷിച്ചു പോയപ്പോൾ പതിനഞ്ചു വർഷമുമ്പാണ് സോമൻ ഏറ്റെടുത്തത്. മാട്ടുപുറത്തുള്ള എച്ച്.ഡി.പി.വൈ കോളേജിലേയ്ക്കുള്ള നാല് വിദ്യാർത്ഥികളും രണ്ടു അദ്ധ്യാപരുമാണ് സ്ഥിരിമായി കടത്തുകടന്നിരുന്നത്.ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കടത്താണിത്. മാട്ടുപുറത്തെ ചിലകുടുംബങ്ങൾ റേഷൻവാങ്ങാൻ കടത്തുകടക്കാറുണ്ടായിരുന്നു. ഇപ്പോൾ പലരും റേഷൻകടകൾ മാറ്റിയതോടെ വിരലിൽ എണ്ണാവുന്നവർ മാത്രമായി. കടത്തുകടക്കുന്നവർ ചോദിക്കാതെ തരുന്ന സഹായമായിരുന്ന അന്നന്നേക്കുള്ള ചായകാശ്. ആരും വരാത്തതോടെ ഇതുമില്ലാതായി.

പാലം നിർമ്മിക്കും

സമീപത്തുള്ള ചിലർ വിശ്രമിക്കാൻ കടവിലെത്തുമ്പോഴാണ് സോമന് ആകെയുള്ള സമയം പോക്ക്. ലോക്ക്ഡൗൺ സങ്കടം നിറഞ്ഞതാണെങ്കിലും ഇതിനിടയിൽ ഒരു സന്തോഷ വാർത്തയുണ്ടായി. കിഫ്ബിയിൽ 12കോടി മുടക്കി ഇവിടെ പാലം നിർമ്മിക്കുന്നുയെന്ന്. ജോലി ഇല്ലാതായാലും നാട്ടിൽ വികസനം ഉണ്ടാകുമല്ലോയെന്നാണ് സോമൻ പറയുന്നത്. പാലം വരുമ്പോൾ ഇത്രനാൾ ജോലി ചെയ്തതിന് പഞ്ചായത്തിൽ നിന്നും എന്തെങ്കിലും ആനുകൂല്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് സോമൻ.