കൊച്ചി: കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിനെ തഴഞ്ഞ് കോൺഗ്രസ് നേതൃത്വം.തിരഞ്ഞെടുപ്പ് ചർച്ചകളുടെ തുടക്കത്തിൽ മത്സരത്തിനില്ലെന്ന് പറഞ്ഞ് മാറിനിന്ന സൗമിനി പിന്നീട് സീറ്റിന് വേണ്ടി കരുനീക്കങ്ങൾ നടത്തിയിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. എളംകുളത്തു നിന്നാണ് കഴിഞ്ഞ തവണ അവർ വിജയിച്ചത്. ഇക്കുറി അത് ജനറൽ സീറ്റായതിനാൽ തന്റെ മുൻ ഡിവിഷനായ രവിപുരത്ത് മത്സരിക്കാൻ താത്പര്യം അറിയിച്ചുവെങ്കിലും കോൺഗ്രസ് പരിഗണിച്ചില്ല.
മേയർ പദവി രണ്ടര വർഷത്തിനു ശേഷം വച്ചു മാറണമെന്ന നേതൃത്വത്തിന്റെ നിർദ്ദേശം ധിക്കരിച്ചതിനെ തുടർന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ പരസ്യമായി സൗമിനിക്കെതിരെ രംഗത്തെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടൽ മൂലമാണ് അവർക്ക് കാലാവധി തികയ്ക്കാൻ കഴിഞ്ഞത്. മൂന്നാം വട്ടവും മത്സരിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സൗമിനി ഇന്നലെ വന്ന ലിസ്റ്റിൽ തന്റെ പേരില്ലെന്ന് അറിഞ്ഞതോടെ നിരാശയിലായി.