കോലഞ്ചേരി: കൊവിഡു കാലത്തെ തിരഞ്ഞെടുപ്പാണ്, സമയം ആർക്കും അത്ര ശരിയല്ല. പ്രത്യേകിച്ച് സ്ഥാനാർത്ഥികൾക്ക്. ആരോഗ്യ പരമായ പ്രശ്നങ്ങൾ ഏതു നിമിഷവും അസ്വസ്ഥതകൾക്ക് കാരണമായേക്കും. രാഹുകാലം നോക്കി ശുഭ മുഹൂർത്തത്തിൽ പത്രിക സമർപ്പിക്കാനൊരുങ്ങും മുമ്പ് ജ്യോതിഷിമാർക്കു മുന്നിൽ സാഷ്ടാംഗം വീഴുകയാണ് സ്ഥാനാർത്ഥികളിൽ പലരും. ഫലം ശുക്രനാകുമോ അതോ കണ്ടകശനിയായി മാറുമോ ?. പത്രിക സമർപ്പണത്തിൽ കൊവിഡ് കാലത്തും വിശ്വാസങ്ങൾ മാത്രമാണ് തുണ. പത്രിക സമർപ്പണത്തിന്റെ തുടക്കം വ്യാഴാഴ്ച, അത്ര ശുഭകരമല്ലെന്നായിരുന്നു ജ്യോതിഷികൾ ഗണിച്ചത്. അന്ന് അതിലൊന്നും വലിയ വിശ്വാസമില്ലാത്ത നാലു പേരാണ് ജില്ലയിൽ പത്രിക സമർപ്പിക്കാൻ തയ്യാറായത്. അതിൽ മൂന്നെണ്ണം ഐക്കരനാട് പഞ്ചായത്തിലും ഒരെണ്ണം പറവൂർ ബ്ളോക്ക് പഞ്ചായത്തിലുമായിരുന്നു. തിങ്കളാഴ്ച നല്ല ദിവസമെന്നാണ് പൊതുവെ വിശ്വാസം. വിശ്വാസം പറഞ്ഞോണ്ടിരുന്നാൽ പോരല്ലോ. ഊട്ടിയുറപ്പിക്കണം. അതിനാൽ സ്ഥാനാർത്ഥികളാവാനൊരുങ്ങിയ പലരും പാർട്ടി ഓഫീസിൽനിന്നിറങ്ങി നേരെ വച്ചുപിടിച്ചത് ജോത്സ്യരുടെ അടുത്തേക്കാണ്. 'ഗുരുനാഥാ... ദശ, അപഹാരം, ഒക്കെ നോക്കണം. പത്രിക സമർപ്പിക്കാൻ ശുഭമുഹൂർത്തമറിയണം'. സ്വന്തം ഗ്രഹനില പോരാഞ്ഞ് ഭാര്യയുടെയും മക്കളുടെയും ഗ്രഹനിലയനുസരിച്ചുവരെ നിലവിലെ സ്ഥിതി പരിശോധിച്ചവരുണ്ടെന്ന് ജോത്സ്യന്മാർ പറയുന്നു. എന്തായാലും തിരഞ്ഞെടുപ്പുകാലത്ത് തെളിഞ്ഞത് ജേത്സ്യന്മാരുടെ സമയംകൂടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തും നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും പല വിജയങ്ങളും മുൻകൂട്ടി പ്രവചിച്ച ജോത്സ്യന്മാർ ജില്ലയിലുണ്ട്. അവർക്ക് ഇത്തവണ തിരക്ക് ഒരല്പം കൂടുതലുമാണ്. പകൽ വെളിച്ചത്തിൽ നേരിട്ട് ജോത്സ്യന്മാരുടെ അടുത്തേക്ക് ചെല്ലാൻ വിശ്വാസം അനുവദിക്കാത്ത ചിലർ ജോത്സ്യരെ കാണാനുള്ള നിയോഗം ഭാര്യക്കാണ് കൊടുത്തത്. ഭാര്യമാരെ അടർക്കളത്തിലിറക്കിയവരിൽ ചിലർ ഗുണദോഷങ്ങൾ പ്രശ്‌നം വച്ച് ചിന്തിച്ചുവത്രെ. അല്ലെങ്കിലും ഒരു മുൻകരുതലെടുക്കുന്നത് എന്തിനും നല്ലതാണല്ലോ. തിങ്കളാഴ്ച വൃശ്ചികപ്പിറവിയാണ്. വൃശ്ചികം പിറന്നാൽ നല്ലകാര്യങ്ങൾക്ക് തുടക്കമിടാൻ പറ്റിയ സമയമാണെന്നാണ് ജോത്സ്യന്മാർ പറയുന്നത്. തിങ്കളാഴ്ചമുതൽ നാമനിർദേശപത്രികകൾ സമർപ്പിക്കുന്നവരുടെ തിരക്കേറുമെന്ന് സാരം.