ചാലക്കുടി: കാർഷിക വിളകളുടെ ഈറ്റില്ലമായ പരിയാരത്തിന്റെ ഏത്തക്കുലകൾ ഇനി മുതൽ വിദേശത്തേക്ക് പറക്കും. പൂവ്വത്തിങ്കലിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക സമിതിയാണ് വാഴകർഷകർക്കായുള്ള സംരംഭത്തിന് തുടക്കമിടുന്നത്. കൃഷി വകുപ്പിന്റെ മൂന്നു ഏജൻസികളിൽ ഒന്നായ വി.എഫ്.പി.സി.കെയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കർഷക സമിതിയുടെ സ്വന്തമായ സംരംഭമാണിത്.
കടൽ കടക്കും മുമ്പ്
തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഗുണമേന്മയുള്ള ഏത്തക്കുലകൾ പൂവ്വത്തിങ്കലിലെ കേന്ദ്രത്തിലെത്തിച്ച് ശുചീകരിക്കും. ആലം ഉപയോഗിച്ചായിരിക്കും ശുചീകരണം. പ്രത്യേകം ഒരുക്കുന്ന ടാങ്കിൽ പടിക്കാരമിട്ട വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്ന കുലകളിൽ നിന്നും അഞ്ചു കിലോ വീതം പാക്കറ്റുകളിലാക്കി ആലപ്പുഴയിലേക്ക് കയറ്റിവിടും. സംസ്ഥാനത്തെ വാഴത്തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന കായപാക്കറ്റുകൾ മൊത്തമായി കപ്പൽ കയറ്റി വിടുന്നത് ആലപ്പുഴയിലെ ഏജൻസിയായിരിക്കും. ഇവർ സ്വാശ്രയ സമിതിയ്ക്ക് യഥാക്രമം വിലയും നൽകും. നിശ്ചിത ശതമാനം സേവന ലാഭംമാത്രം കൈപ്പറ്റുന്ന സമിതി ബാക്കി മുഴുവൻ തുകയും കർഷകർക്കും ലഭ്യമാക്കും.
കർഷകർക്ക് ആശ്വാസമാകും
വിപണനം കാര്യക്ഷമമാകുന്നതോടെ പരിയാരത്തിന്റെ കർഷകർക്ക് ആശ്വാസമാകും. അടിയ്ക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും വർഷങ്ങളായി ഇവരുടെ കാർഷിക ജീവിതത്തെ ഇല്ലാതാക്കിയിരുന്നു. ഉത്പന്നങ്ങൾക്ക് ന്യായമായ വിലയില്ലാത്തതും ഇവരുടെ ദുരിതത്തിന് ആക്കം കൂട്ടി. കിഴക്കൻ മേഖലയിലെ നൂറു കണക്കിന് ആളുകൾ വാഴക്കൃഷി ഉപേക്ഷിക്കുകയും ചെയ്തു. കർഷക സമിതി ഏറ്റെടുക്കുന്ന സംരംഭത്തിലൂടെ സർക്കാർ പ്രഖ്യാപിച്ച തറവിലയും കടന്നുപോകുന്നതായിരിക്കും ഇവരുടെ കൈകളിലെത്തുക. തറവിലയുടെ നൂലാമാലകളിൽ നട്ടം തിരിയേണ്ടതുമില്ല.
ഏത്തക്കുലകൾ കയറ്റി അയക്കുന്നതു മായി സംബന്ധിച്ച് ആലപ്പുഴയിലെ ഏജൻസിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് ടൺ ഏത്തക്കുലകൾ കയറ്റി വിടുന്നതിനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പരിയാരത്തിന്റെ കായത്തോട്ടങ്ങളെ വിദഗ്ദ്ധർ നേരിൽക്കണ്ട് വിലയിരുത്തി.
ഡേവിസ് അമ്പാക്കി
സമിതി പ്രസിഡന്റ്