കൊച്ചി: ഇഷ്‌ടമുള്ള സീറ്റിൽ മത്സരിക്കുന്നതിന് കോൺഗ്രസ് നേതൃത്വം തനിക്ക് അനുമതി നൽകിയിരുന്നുവെന്നും, വ്യക്തിപരമായ ചില പ്രശ്നങ്ങളുടെ പേരിൽ സ്വയം പിൻമാറിയതാണെന്നും കഴിഞ്ഞദിവസം കൊച്ചി മേയർ സ്ഥാനമൊഴിഞ്ഞ സൗമിനി ജെയിൻ കേരളകൗമുദിയോട് പറഞ്ഞു.

രണ്ടര വർഷത്തിന് ശേഷം മേയർ സ്ഥാനം വച്ചുമാറണമെന്ന പാർട്ടിനിർദേശം ധിക്കരിച്ച് അധികാരത്തിൽ തുടർന്നതിന്റെ പേരിലാണ് സൗമിനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതെന്ന് വ്യാപകമായ പ്രചരണം ഉയർന്നിരുന്നു. സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി കത്ത് നൽകിയിട്ടും അവർ വകവച്ചില്ല . കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പിന്തുണയാൽ കാലാവധി തികച്ച സൗമിനി വീണ്ടും മത്സരിക്കുന്നതിൽ ചില മുതിർന്ന നേതാക്കൾ അതൃപ്തി അറിയിച്ചതും വിനയായി. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച സൗമിനി, കോൺഗ്രസ് കൗൺസിലർമാരും യു.ഡി.എഫ് നേതൃത്വവും എന്നും ഒപ്പംനിന്നുവെന്നും ഉദ്യോഗസ്ഥരുടെയും പ്രതിപക്ഷത്തിന്റെയും നിസഹകരണമാണ് തനിക്ക് തടസമായതെന്നും വ്യക്തമാക്കി.

തുടക്കത്തിലേ

കല്ലുകടി

കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് മറികടന്നാണ് സൗമിനി മേയർ പദവിയിലെത്തിയത്. കൂടിയാലോചനകൾക്ക് തയ്യാറാകുന്നില്ല, സ്വന്തം ഇഷ്‌ടപ്രകാരം പ്രവർത്തിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളുമായി സ്വന്തം പാർട്ടിക്കാർതന്നെ അവർക്കെതിരെ നിലയുറപ്പിച്ചു. ഇതിന്റെ തുടർച്ചയായി ,രണ്ടര വർഷത്തിനു ശേഷം മേയർ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള നീക്കങ്ങൾ തുടങ്ങി. ഹൈബി ഈഡൻ എം.പി, വി.ഡി.സതീശൻ എം.എൽ.എ എന്നിവർ മേയർക്കെതിരെ പരസ്യമായി രംഗത്തെത്തി. ഇതിനെയെല്ലാം അതിജീവിച്ച് കാലാവധി പൂർത്തിയാക്കി അവർ എതിരാളികളെപ്പോലും അമ്പരപ്പിച്ചു.

കൊച്ചിയുടെ

മുഖച്ഛായ മാറ്റി

നഗരത്തിന്റെ മുഖച്ഛായ മാറ്റിയ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും വലിയ സമ്പാദ്യമെന്ന് സൗമിനി ജെയിൻ പറയുന്നു. മറ്റ് ചിലത് വേണ്ടത്ര പിന്തുണയില്ലാത്തതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം ബാക്കിയാണ്. സ്ത്രീയുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്നത് എന്തോ മോശപ്പെട്ട കാര്യമാണെന്ന ധാരണ ഇപ്പോഴും നിലനിൽക്കുന്നു. അതിനാൽത്തന്നെ ഭരണപരമായ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വല്ലാതെ ബുദ്ധിമുട്ടിയെന്ന് സൗമിനി ജെയിൻ പറഞ്ഞു.

.