നെടുമ്പാശേരി: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വളർച്ചയും പുരോഗതിയുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ കലാപരവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റർ ഫോർ ഡിസെബിലിറ്റി സ്പോർട്സ് ആരംഭിക്കാൻ കേന്ദ്രം തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്കായി മൂന്ന് കോടിയോളം രൂപ മുടക്കി സേവാഭാരതി പാറക്കടവിൽ നിർമ്മിച്ച സുകർമ്മ വികാസ് കേന്ദ്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ പുനരധിവാസ മേഖലയിൽ രാജ്യവ്യാപകമായി പ്രവർത്തിക്കുന്നവർക്ക് മാർഗനിർദേശം നൽകുന്നതിനായി മെന്റൽ ഹെൽത്ത് റിഹാബിലിറ്റേഷൻ ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും തുല്യപരിഗണന നൽകുന്ന നിയമം 2016ൽ കേന്ദ്രം അംഗീകരിച്ചു. മൂന്ന് ശതമാനം തൊഴിൽ സംവരണം നാല് ശതമാനമാക്കി ഉയർത്തി. വിദ്യാഭ്യാസ സംവരണം മൂന്നിൽനിന്നും അഞ്ചാക്കി. സമൂഹത്തെ സ്വന്തം കുടുംബമായി കണ്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് രാഷ്ട്രീയ സ്വയംസേവാസംഘവും സേവാഭാരതിയും. പ്രളയകാലത്തെ സേവാഭാരതിയുടെ പ്രവർത്തനത്തെ സംസ്ഥാന സർക്കാർ അർഹമായി അംഗീകരിച്ചില്ലെങ്കിലും പൊതുസമൂഹം അംഗീകരിച്ചു. ഡോ. ജ്യോതിഷ് ആർ. നായർ അദ്ധ്യക്ഷത വഹിച്ചു.
എസ്. സേതുമാധവൻ ആശീർവാദ പ്രഭാഷണം നടത്തി. പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ ലീല അന്തർജനത്തെ ആർ.എസ്.എസ് പ്രാന്തസഹ സേവാപ്രമുഖ് യു.എൻ. ഹരിദാസ് ആദരിച്ചു. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ദീപാവലി സമർപ്പണം നടത്തി. കൊച്ചിൻ ഷിപ്പ് യാർഡ് എം.ഡി മധു എസ്. നായർ, പ്രീതി രഘു, എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.