കൊച്ചി: മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പാക്കാൻ ആധുനിക ചികിത്സമാർഗങ്ങൾ സഹായത്തിനെത്തുന്നു. ഗർഭാവസ്ഥയുടെ 37-ാം ആഴ്ച്ചയ്ക്കു മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങളെയാണ് പൂർണ്ണ വളർച്ച എത്താത്തതായി കണക്കാക്കുന്നത്. അമ്മയുടെയോ കുഞ്ഞിന്റെയോ മറുപിള്ളയുടെയോ പ്രത്യേക അവസ്ഥകൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം.അമ്മയ്ക്ക് ഉണ്ടാകുന്ന
അണുബാധയോ, രക്തസമ്മർദ്ദത്തിലോ പ്രമേഹത്തിലോ ഉണ്ടാകുന്ന വ്യതിയാനങ്ങളോ ഇതിന് കാരണമാകാം.
മുൻ കാലങ്ങളിൽ 1.5 കിലോയിൽ താഴെ ഭാരം കുറഞ്ഞ നവജാത ശിശുക്കൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാദ്ധ്യത കുറവായിരുന്നു. എന്നാൽ ഇന്ന് നിയോനാറ്റോളജി (ജനിച്ചതു മുതൽ ആദ്യത്തെ 28 ദിവസം) വിഭാഗത്തിലെ ആധുനിക ചികിത്സാ സംവിധാനങ്ങളിലൂടെ ഇത്തരം കുഞ്ഞുങ്ങളെ വൈകല്യങ്ങൾ ഇല്ലാതെ രക്ഷപ്പെടുത്താൻ സാധിക്കുന്നുണ്ട്. ഗർഭകാലത്തെ കുത്തിവയ്പ്പിലൂടെ കുഞ്ഞിന്റെ ശ്വാസകോശത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്താനും തലച്ചോറിൽ ഉണ്ടായേക്കാവുന്ന രക്തസ്രാവം പോലുള്ള രോഗാവസ്ഥകൾ ഒഴിവാക്കാനും കഴിയും. അമ്മയിലെ അണുബാധ കണ്ടെത്താനും പ്രതിരോധിക്കുവാനുമുള്ള നൂതന സാങ്കേതിക വിദ്യകളും കുഞ്ഞുങ്ങളുടെ പരിപാലനത്തിന് സഹായമായിട്ടുണ്ട്.
പരിചരണത്തിൽ വീഴ്ച പാടില്ല
ജനന സമയത്ത് കൃത്യമായ പരിചരണം ഒരുക്കുന്നതിനായി മാസം തികയാതെ പ്രസവിക്കാൻ സാദ്ധ്യതയുള്ള അമ്മമാരെ നൂതന ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിലേയ്ക്ക് മാറ്റണം. കുഞ്ഞിനെ പ്രസവമുറിയിൽ നിന്നും നവജാത അത്യാഹിത വിഭാഗത്തിലേയ്ക്ക് ട്രാൻസ്‌പോർട്ട് ഇൻക്യുബേറ്റേഴ്‌സ് വഴി മാറ്റുന്നതിനാൽ അതിജീവന സാദ്ധ്യത കൂടിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ശരീരതാപനിയന്ത്രണത്തിനു വേണ്ടി ആധുനിക ഇൻക്യുബേറ്റേഴ്‌സും റേഡിയന്റ് വാമേഴ്‌സും ഇന്നു ലഭ്യമാണ്. ശ്വാസകോശത്തിന്റെ വളർച്ചക്കുറവു മൂലമുള്ള ശ്വാസതടസം പരിഹരിക്കാനും സൗകര്യമുണ്ട്. ആശുപത്രിയിൽ നിന്ന് വിട്ടയച്ചാലും ചികിത്സ തുടരും.
ഡോ.റോജോ ജോയ്
കൺസൾട്ടന്റ് നിയോ നാറ്റോളജിസ്റ്റ്,
ലൂർദ്ദ് ഹോസ്പിറ്റൽ