കൊച്ചി : സ്വർണക്കടത്തിലെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാദ്ധ്യമങ്ങളെ വിലക്കരുതെന്ന് കസ്റ്റംസ് അധികൃതർ കോടതിയിൽ ബോധിപ്പിച്ചു. മാദ്ധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന രാജ്യമാണിത്. ഇവിടെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം അനുവദിക്കരുതെന്നും കസ്റ്റംസിന്റെ സീനിയർ അഭിഭാഷകൻ കോടതിയിൽ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.
സ്വർണക്കടത്തു കേസിൽ നൽകിയ രഹസ്യമൊഴി മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതൊക്കെ മാദ്ധ്യമങ്ങൾക്കെതിരെയാണ് നടപടി വേണ്ടതെന്നോ ഏതു കസ്റ്റംസ് ഉദ്യോഗസ്ഥനാണ് മൊഴി ചോർത്തി നൽകിയതെന്നോ ഒന്നും ഹർജിയിൽ പറയുന്നില്ല. അവ്യക്തമായ ആരോപണങ്ങളാണ് സ്വപ്നയുടെ ഹർജിയിലുള്ളത്. കോടതിയലക്ഷ്യ നടപടിയാണ് ആവശ്യപ്പെടുന്നതെങ്കിൽ അതിനുള്ള ഹർജി നൽകണമെന്നും എറണാകുളം അഡി സി.ജെ.എം കോടതിയിൽ കസ്റ്റംസിന്റെ സീനിയർ അഭിഭാഷകൻ കെ. രാംകുമാർ നൽകിയ വിശദീകരണത്തിൽ പറയുന്നു. തുറന്നകോടതികളാണ് നമുക്കുള്ളത്. അവ്യക്തമായ ആരോപണങ്ങളുടെ പേരിൽ മാദ്ധ്യമങ്ങൾക്കു മുന്നിൽ കോടതിയുടെ വാതിലുകൾ കൊട്ടിയടയ്ക്കരുതെന്നും വിശദീകരണത്തിൽ പറയുന്നു. ഹർജി കോടതി പിന്നീടു പരിഗണിക്കും.