court

കൊച്ചി : സംസ്ഥാനത്തെ ഏറെ പഴക്കമുള്ള എൻ.ഐ.എ കേസുകളിലൊന്നായ കളമശേരി ബസ് കത്തിക്കൽ കേസിന്റെ വിചാരണ അടുത്തമാസം തുടങ്ങും. ഇതിനുള്ള തീയതി നിശ്ചയിക്കാനായി എറണാകുളം എൻ.ഐ. എ കോടതി കേസ് നവംബർ 24ന് പരിഗണിക്കും.

2010 ൽ അന്വേഷണസംഘം കുറ്റപത്രം നൽകിയ കേസിൽ പത്തുവർഷങ്ങൾക്കു ശേഷമാണ് വിചാരണ നടപടികൾ തുടങ്ങുന്നത്. മുഖ്യപ്രതി തടിയന്റവിട നസീറടക്കമുള്ള പ്രതികൾ ബംഗളൂരു സ്ഫോടനക്കേസിൽ കർണാടക ജയിലിൽ കഴിയുന്നതിനാലാണ് കേസിന്റെ വിചാരണ നീണ്ടുപോയത്. പ്രതികളെ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാക്കി വിചാരണ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.

2005 സെപ്തംബർ ഒമ്പതിനാണ് എറണാകുളത്തുനിന്ന് സേലത്തേക്കു പോയ തമിഴ്നാട് സർക്കാരിന്റെ ബസ് പ്രതികൾ തട്ടിയെടുത്ത് കളമശേരി എച്ച്.എം.ടി എസ്റ്റേറ്റിനു സമീപം ആളുകളെ ഇറക്കിയശേഷം അഗ്നിക്കിരയാക്കിയത്. സ്ഫോടനക്കേസിൽ കോയമ്പത്തൂർ ജയിലിൽ കഴിഞ്ഞിരുന്ന പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടാണ് പ്രതികൾ ബസ് കത്തിച്ചത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് 2009 ലാണ് എൻ.ഐ.എ യ്ക്ക് കൈമാറിയത്. തുടർന്ന് 2010 ലാണ് കുറ്റപത്രം നൽകിയത്.

 വിചാരണ നേരിടുന്ന പ്രതികൾ

തടിയന്റവിട നസീർ, സാബിർ ബുഹാരി, താജുദീൻ, ഉമർ ഫാറൂഖ്, (നാലുപേരും ബംഗളൂരു ജയിലിൽ) കെ.എ. അനൂപ് (വിയ്യൂർ ജയിലിൽ) അബ്ദുൾ നാസർ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി, അബ്ദുൾ ഹാലിം, ഇസ്മയിൽ, മുഹമ്മദ് നവാസ്, കുമ്മായം നാസർ, മജീദ് പറമ്പായി (ഇവർ ജാമ്യത്തിലാണ്). കേസിലെ മറ്റൊരു സുപ്രധാന പ്രതിയായ മുഹമ്മദ് സാബിർ ഒളിവിലാണ്. ഇയാൾ പാകിസ്ഥാനിലുണ്ടെന്നാണ് എൻ.ഐ.എയുടെ നിഗമനം. മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി അബ്ദുൾ റഹീം കാശ്മീരിൽ സുരക്ഷാഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.