പറവൂർ: സാമൂഹ്യ വിരുദ്ധർ തകർത്ത നെഹ്‌റുവിന്റെ പ്രതിമക്കു മുന്നിൽ ശിശുദിനത്തിൽ ഛായാചിത്രം സ്ഥാപിച്ചു ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിനു സമീപം സ്ഥാപിച്ചിരുന്ന നെഹ്റു പ്രതിമയുടെ മുഖം സാമൂഹ്യ വിരുദ്ധർ വികൃതമാക്കിയത് കഴിഞ്ഞ വർഷം സെപ്തംബർ ഒമ്പതിന് രാത്രിയിലാണ്. പ്രതിമ പുനസ്ഥാപിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നഗരസഭയുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഛായചിത്രം സ്ഥാപിച്ച് പ്രതിഷേധിച്ചത്. സി.പി.എം ഏരിയ കമ്മിറ്റിയംഗം എൻ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ആർ. സജേഷ് കുമാർ, നിവേദ് മധു, സി.ബി. ആദർശ്, എ.എം. മിജോഷ് എന്നിവർ സംസാരിച്ചു.