ആലുവ: സ്ഥാനാർത്ഥി നിർണയ തർക്കത്തെ തുടർന്ന് കീഴ്മാട് പഞ്ചായത്ത് ബി.ജെ.പി പ്രസിഡന്റ് വിജയൻ മുള്ളംകുഴി തൽസ്ഥാനം രാജിവെച്ചു. എന്നാൽ നേതൃത്വം രാജി അംഗീകരിച്ചിട്ടില്ല.

സ്ഥാനാർത്ഥി നിർണയ തർക്കത്തിനിടെ ചില വാർഡുകളിൽ പ്രചരണം ആരംഭിച്ചവർക്കും മാറ്റമുണ്ടായതിനെ തുടർന്നാണ് പ്രസിഡന്റിന്റെ രാജി. കൂടിയാലോചനകൾ ഇല്ലാതെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. 6, 10,12 വാർഡുകളിലാണ് രൂക്ഷമായ തർക്കമുണ്ടായത്. മൂന്നിടത്തും നേരത്തെ പ്രഖ്യാപിക്കപ്പെട്ടവരല്ല സ്ഥാനാർത്ഥികളായിയത്.

‌ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സനൽ മനക്കക്കാട് പ്രചരണമാരംഭിച്ച ആറാം വാർഡ് ഒടുവിൽ ബി.ഡി.ജെ.എസിന് നൽകി. ആദ്യം പത്തിലും പിന്നീട് 12ലും പ്രചരണം ആരംഭിക്കാൻ നി‌ർദ്ദേശിക്കപ്പെട്ട എം.കെ. രാജീവും അവസാനം സ്ഥാനാർത്ഥി പട്ടികയിലില്ല. 10ൽ കെ.ആർ. റെജിയും 12ൽ ദിനിൽ ദിനേശും സ്ഥാനാർത്ഥികളായി.

എം.കെ. രാജീവിന് പകരം ഭാര്യ രാജി രാജീവിനെ കീഴ്മാട് ഡിവിഷനിൽ ബ്ളോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയാക്കി പ്രശ്നം പരിഹരിച്ചെങ്കിലും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിന്റെ രാജി തർക്കം കൂടുതൽ രൂക്ഷമാക്കി. പത്തിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി സ്ഥാനം രാജിവച്ച കെ.വി. ഷൈമോനെ റാഞ്ചാൻ സി.പി.എം നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ്പ്പെ ഇടപെട്ട് ഷൈമോന്റെ രാജി പിൻവലിപ്പിക്കുകയായിരുന്നു.