കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു. കോൺഗ്രസിലെ ഗ്രൂപ്പിന്റെ മറവിൽ വ്യക്തി താത്പര്യം അനുസരിച്ച് സ്ഥാനാർത്ഥികളെ നിശ്ചയിച്ചുവെന്നാണ് ഉയർന്നിട്ടുള്ള ആക്ഷേപം. സീറ്റ് നിഷേധിക്കപ്പെട്ട മുൻ കോൺഗ്രസ് കൗൺസിലർമാരായ ഗ്രേസി ജോസഫ്, ഡെലീന പിൻഹൈറോ എന്നിവർ സ്വതന്ത്രരായി മത്സരിക്കുമെന്ന് അറിയിച്ചു കഴിഞ്ഞു.
മുസ്ളീം ലീഗ് വിമതൻമാർ
മൂന്നു സീറ്റിൽ
മുസ്ളീംലീഗിലും സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി രൂക്ഷമായ തർക്കം തുടരുകയാണ്. ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്ന് കരുതുന്നു. ലീഗ് നേതൃത്വത്തിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവും മുൻ കൗൺസിലറുമായ ടി.കെ.അഷ്റഫ് രണ്ടാം ഡിവിഷനിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്നലെ മുതൽ പ്രചരണവും ആരംഭിച്ചു. 5, 9 ഡിവിഷനുകളിലും അഷ്റഫ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. 2 കൽവത്തി, 5 മട്ടാഞ്ചേരി, 9 ചക്കാമടം, 14 തഴപ്പ്, 70 കലൂർ നോർത്ത് 72 പൊറ്റക്കുഴി എന്നീ ഡിവിഷനുകളാണ് യു.ഡി.എഫ് മുസ്ളീംലീഗിന് നൽകിയത്. മുൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ പി.എം.ഹാരിസ് കലൂർ നോർത്തിൽ മത്സരിക്കുമെന്ന് ധാരണയായി. സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് അഷ്റഫ് സ്വതന്ത്രനായി മത്സരിക്കാൻ ഇറങ്ങിത്തിരിച്ചത്.
ഷൈനിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധം
രവിപുരം ഡിവിഷനിൽ നിന്ന് മുൻ മേയർ സൗമിനി ജെയിന്റെ പേര് വെട്ടിക്കളഞ്ഞതിന് പിന്നിൽ ചില മുതിർന്ന നേതാക്കൾക്ക് പങ്കെന്ന് ആക്ഷേപം. നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ഷൈനി മാത്യ,എ.ബി.സാബു,കെ.വി.പി കൃഷ്ണകുമാർ എന്നിവർക്ക് സീറ്റ് നൽകുമെന്ന് ഉറപ്പു നൽകിയെങ്കിലും ഷൈനി ഒഴികെയുള്ളവരെ അവസാന നിമിഷം തഴഞ്ഞു.
വിമതർക്ക് സീറ്റ് നൽകി
ഫോർട്ടുകൊച്ചി ഡിവിഷനിലെ അഡ്വ.ആന്റണി കുരിത്തറയുടെ സ്ഥാനാർത്ഥിതത്വത്തിനെതിരെ പാർട്ടിയിൽ മുറുമുറുപ്പ്. മുൻ തിരഞ്ഞെടുപ്പുകളിൽ വിമതരായി മത്സരിച്ചവർക്ക് സീറ്റ് നൽകരുതെന്ന കെ.പി.സി.സിയുടെ മാർഗനിർദ്ദേശത്തിന് വിരുദ്ധമായി ഇദ്ദേഹത്തിന് അവസരം നൽകിയെന്നാണ് പരാതി. പത്തു വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആന്റണി വിമതനായി മത്സരിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആന്റണിയുടെ ഭാര്യയും ഇതേ ഡിവിഷനിൽ വിമതയായി മത്സരിച്ച് തോറ്റു. ഈ വസ്തുതകൾ കണക്കിലെടുക്കാതെ ഇത്തവണയും ആന്റണിക്ക് സീറ്റ് നൽകിയതാണ് പ്രവത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
എളമക്കരയിലും കല്ലുകടി
എളമക്കര നോർത്തിലെ കെ.വി.ആന്റണിയുടെ സ്ഥാനാർത്ഥിതത്വത്തിൽ പ്രവർത്തകർ അസംതൃപ്തരാണ്. മുൻ എ വിഭാഗക്കാരനായ ഇദ്ദേഹം ഡി.സി.സി ഓഫീസിലെ സെക്രട്ടറിയാണ്. അടുത്ത കാലത്ത് ഐ ഗ്രൂപ്പിലെത്തി. മുൻ കൗൺസിലർ വി.ആർ.സുധീറിന് സീറ്റ് നിഷേധിച്ച് പകരം ഇദ്ദേഹത്തെ ഇവിടെ തീരുമാനിക്കുകയായിരുന്നു. എൽ.ഡി.എഫിലെ അഡ്വ.എം.അനിൽകുമാറിനെ എതിരിടാൻ സുധീറിനെ പോലെ കരുത്തനായ സ്ഥാനാർത്ഥിയാണ് വേണ്ടിയിരുന്നതെന്ന് പൊതുവേ അഭിപ്രായമുണ്ട്. സുധീറിനെ ഒപ്പം നിർത്തുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യ അഡ്വ.സീന സുധീറിന് എളമക്കര സൗത്തിൽ സീറ്റ് നൽകി നേതൃത്വം തലയൂരി.