ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് നേതൃത്വം സീറ്റ് വിഭജനത്തിൽ അവഗണിച്ചെന്നാരോപിച്ച് കേരള കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പിന് പിന്നാലെ ജേക്കബ് ഗ്രൂപ്പും രംഗത്ത് വന്നു. ഇന്ന് മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് തുടർന്ന് സ്വന്തം നിലയിൽ മത്സരിക്കുന്നതിന തീരുമാനമെടുക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ പറഞ്ഞു.
സമാനസാഹചര്യത്തിൽ കേരള കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പ് മണ്ഡലത്തിലെ 17 വാർഡുകളിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
യു.ഡി.എഫ് നേതൃത്വത്തിന്റെ അവഗണനയിൽ ശക്തമായ പ്രതിഷേധം കേരള കോൺഗ്രസുകൾ രേഖാമൂലം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നഗരസഭയിൽ ഒരു വാർഡും കീഴ്മാട്, ചൂർണ്ണിക്കര എന്നിവിടങ്ങളിൽ രണ്ട് വീതവും കാഞ്ഞൂരിൽ ഒരു വാർഡുമാണ് ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നത്. നേതാക്കളായ എം.എ. കാസിം, ആർ. ദിനേശ്, ഷൗഖത്തലി, സന്തോഷ് മാത്യു, ജോസ് തളിയൻ, ജോർജ് ഇടശ്ശേരി, ജോയി പെരുമായൻ, ഡയസ് ജോർജ്, വിനു അഗസ്റ്റിൻ, നിഥിൻ സിബി, സാൻജോ ജോസ്, ഫെനിൽ പോൾ, മുഹമ്മദ് ജഹ്ഷൻ എന്നിവർ സംസാരിച്ചു.
നഗരസഭയിൽ മുസ്ലീം ലീഗിനും പ്രതിഷേധം
നഗരസഭയിൽ യു.ഡി.എഫിന്റെ പേരിൽ കോൺഗ്രസ് മാത്രം സീറ്റുകൾ കൈയ്യടക്കുന്നതിനെതിരെ മുസ്ലീംലീഗിലും പ്രതിഷേധമുണ്ട്. മൂന്നാം വാർഡ് മത്സരിക്കുന്നതിനായി നേരത്തെ മുന്നൊരുക്കം നടത്തിയെങ്കിലും വനിതാ സംവരണമായി. തുടർന്ന് മറ്റൂപ്പടി 26 ാം വാർഡ് വിട്ടുതരണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. അവഗണിച്ചാൽ എന്തുനിലപാട് സ്വീകരിക്കണമെന്ന് ജില്ലാ നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.