കൊച്ചി: ചർച്ചയിൽനിന്ന് ഓർത്തഡോക്സ് വിഭാഗം പിന്മാറുകയും പള്ളി കൈമാറ്റം എന്തുവിലകൊടുത്തും തടയാൻ യാക്കോബായ വിഭാഗം തീരുമാനിക്കുകയും ചെയ്തതോടെ കോതമംഗലം ചെറിയപള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനാവാതെ സർക്കാർ പ്രതിരോധത്തിലായി. കേന്ദ്രസേനയെ ഇറക്കിയും വിധി നടപ്പാക്കിയേ തീരൂവെന്ന് ഹൈക്കോടതിയും നിർദേശിച്ചതോടെ ഇരുവിഭാഗവും അണിയറനീക്കങ്ങൾ ഊർജിതമാക്കി.
പള്ളികളുടെ അവകാശം ഓർത്തഡോക്സ് വിഭാഗത്തിനാണെന്നാണ് 2017 നവംബറിലെ സുപ്രീംകോടതിവിധി. ഇത് പ്രകാരം
കോതമംഗലം ചെറിയപള്ളി എന്നറിയപ്പെടുന്ന സെന്റ് തോമസ് യാക്കോബായപള്ളി യാക്കോബായ വിഭാഗത്തിൽനിന്ന് ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ 2019 ഡിസംബറിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനാൽ
കർശന ഉത്തരവ് കഴിഞ്ഞയാഴ്ച ഹൈക്കോടതി പുറപ്പെെടുവിച്ചു. എന്നാൽ സർക്കാർ മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ ഏറ്റെടുക്കലിലെ പ്രശ്നങ്ങളും ഉന്നയിച്ചാണ് സർക്കാർ സമയംചോദിച്ചത്. എന്നാൽ പ്രാദേശിക പിന്തുണയോടെ പള്ളി സംരക്ഷിക്കാൻ യാക്കോബായ വിഭാഗം ശ്രമിക്കുകയാണ്. ദിവസങ്ങളായി പ്രാർത്ഥനയുമായി വിശ്വാസികൾ പള്ളിപ്പരിസരത്തുണ്ട്. ബലംപ്രയോഗിച്ച് ഏറ്റെടുത്താൽ എന്തുവില കൊടുത്തും ചെറുക്കാൻ യാക്കോബായവിഭാഗം ഒരുക്കം നടത്തുന്നുണ്ട്.
ചർച്ചാശ്രമം പാളി
ഇരുപക്ഷവുമായി ചർച്ചനടത്തി രമ്യമായ പരിഹാരത്തിന് സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ ചർച്ചയിൽനിന്ന് പിന്മാറിയതായി ഓർത്തഡോക്സ് വിഭാഗം കഴിഞ്ഞദിവസം കോട്ടയത്ത് പ്രഖ്യാപിച്ചു. നിയമത്തിനും നീതിക്കുമൊപ്പം നിൽക്കേണ്ട സർക്കാർ കലഹംനിലനിറുത്തി ലാഭംകൊയ്യാൻ ശ്രമിക്കുന്നതായി സഭ ആരോപിക്കുന്നു.
ബലപ്രയോഗം അനുവദിക്കില്ല
ചർച്ചയിൽനിന്ന് പിന്മാറി പള്ളികൾ ബലമായി പിടിച്ചെടുക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിക്കുകയാണെന്ന് യാക്കോബായസഭ ആരോപിച്ചു. പള്ളി കൈമാറണമെന്ന ഉത്തരവിനെതിരെ യാക്കോബായ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.
ചർച്ചയിൽനിന്ന് ഓർത്തഡോക്സ് വിഭാഗത്തിന്റെ പിന്മാറ്റം നിർഭാഗ്യകരവും നിരാശാജനകവുമാണെന്ന് സഭാവക്താവ് ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
നീതിപീഠത്തെ വെല്ലുവിളിക്കുന്നു
സർക്കാരും ജില്ലാ കളക്ടറും പാത്രിയർക്കീസ് വിഭാഗത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്നത് നീതിപീഠത്തോടുളള വെല്ലുവിളിയാണ്. സഭാകേസിൽ കക്ഷിയല്ലാത്ത ആഭ്യന്തരവകുപ്പ് പള്ളിയുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിച്ചത് ദുരൂഹമാണ്.
യൂഹാനോൻ ദിയസ്കോറസ് മെത്രാപ്പൊലീത്ത,
സുന്നഹദോസ് സെക്രട്ടറി,
ഓർത്തഡോക്സ് സഭ.
പ്രാർത്ഥന തുടരും
പള്ളിക്ക് സമീപം പ്രാർത്ഥന തുടരുകയാണ്. വിവിധ സംഘടനകൾ ഉൾപ്പെട്ട മതമൈത്രി സംരക്ഷണസമിതി പിന്തുണ നൽകുന്നുണ്ട്. ഹൈക്കോടതിയിൽ ഞങ്ങൾ സമർപ്പിച്ച അപ്പീൽ പരിഗണിക്കാൻ കാത്തിരിക്കുകയാണ്.
ഫാ. ജോസ് പരത്തുവയലിൽ,
യാക്കോബായ വികാരി,
ചെറിയപള്ളി.