life-mission

കൊച്ചി : ലൈഫ് മിഷൻ പദ്ധതിയുടെ രേഖകൾ വിളിച്ചുവരുത്തി പരിശോധിച്ചത് നിയമപരമായ അധികാരം ഉപയോഗിച്ചാണെന്നും സദുദ്ദേശ്യത്തോടെയുള്ള നടപടിയിലൂടെ നിയമസഭയുടെയോ അംഗങ്ങളുടെയോ അവകാശം ലംഘിച്ചിട്ടില്ലെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമസഭാ സെക്രട്ടറിക്ക് മറുപടി നൽകി.ഫയലുകൾ വിളിച്ചുവരുത്തിയത് അവകാശ ലംഘനമാണെന്നാരോപിച്ച് ജയിംസ് മാത്യു എം.എൽ.എ നൽകിയ പരാതിയിൽ നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഇ.ഡിയോടു വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഇ.ഡി അസി. ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇതിലെ പ്രതികളും സർക്കാരിലെ ഭരണനിർവഹണ അധികൃതരുമായുള്ള കൂട്ടുകെട്ടുകളെക്കുറിച്ച് വിവരം ലഭിക്കുന്നത്. സർക്കാർ ഏജൻസികളുടെ പദ്ധതി കരാർ ലഭിക്കാനായി കോടികൾ ഇത്തരക്കാർക്ക് കോഴ നൽകുന്നുണ്ടെന്ന് വിവരം ലഭിച്ചു. ലൈഫ് കരാറിലും ഇത്തരം ഇടപാടുകൾ നടന്നെന്ന് കണ്ടെത്തിയതോടെയാണ് രേഖകൾ ഹാജരാക്കാൻ സി.ഇ.ഒ യു.വി. ജോസിന് സമൻസ് നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള അന്വേഷണവുമായി സഹകരിക്കാൻ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥർക്ക് ബാദ്ധ്യതയുണ്ട്.

ലൈഫ് പദ്ധതി തടയൽ ലക്ഷ്യമല്ല

 ലൈഫ് മിഷൻ സർക്കാരിന്റെ പദ്ധതി നടപ്പാക്കൽ ഏജൻസി മാത്രമാണ്. നിയമസഭയ്‌ക്കുള്ള പരിരക്ഷ ലൈഫിന് ലഭിക്കില്ല. ലൈഫ് പദ്ധതി തടയാൻ ലക്ഷ്യമിട്ടല്ല സമൻസ്

 പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം ഇടപാടുകളുടെ സത്യസന്ധതയും നിയമസാധുതയും തെളിയിക്കാൻ അന്വേഷണ ഏജൻസിയുമായി സഹകരിക്കണം

ഉടൻ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത് അന്വേഷണത്തിലെ കാലതാമസം ഒഴിവാക്കാനാണ്. ഏതെങ്കിലും തരത്തിൽ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാക്കാനല്ല

 ഹാജരാകുന്നതിന് ബുദ്ധിമുട്ടുണ്ടെന്നോ മറ്റേതെങ്കിലും തീയതിയിലേക്ക് മാറ്റണമെന്നോ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് ആവശ്യപ്പെട്ടിരുന്നില്ല

 സമൻസ് നൽകിയത് നിയമസഭയുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമല്ല. ഇൗ സാഹചര്യത്തിൽ നോട്ടീസിലെ തുടർനടപടി ഉപേക്ഷിക്കണം

ഇ.ഡിയുടെ മറുപടി

നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് ഉടൻ കൈമാറും. സമിതി ഇത് പരിശോധിച്ചാവും അന്തിമ തീരുമാനമെടുക്കുക. ഇ.ഡിയുടെ മറുപടി സഭാസമിതി തള്ളിയാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലെ ഏറ്റുമുട്ടൽ പുതിയ മാനത്തിലേക്കെത്തും. കേന്ദ്ര ഏജൻസികളുടേത് രാഷ്ട്രീയ നീക്കമാണെന്നാരോപിച്ച് സർക്കാരും ഇടതുമുന്നണിയും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ നിയമസഭാ സമിതിയുടെ തുടർനീക്കത്തിലേക്ക് ഏവരും ഉറ്റുനോക്കുന്നു.