കോതമംഗലം: താലൂക്കിലെ പിന്നോക്ക പ്രദേശമായ കുട്ടമ്പുഴ പഞ്ചായത്തിലെ ആറാം വാർഡ് - കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചുപറ, വാര്യം, തേര തുടങ്ങിയ ആദിവാസി ഉരുകളിലേക്കുള്ള ഏക സഞ്ചാര മാർഗമാായ ബ്ലാവനയിൽ പാലം നിർമ്മിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം ഇതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഈ പ്രദേശത്തേക്കുള്ള ഏക സഞ്ചാരമാർഗമായ ബ്ലാവനകടത്തിൽ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനസംരക്ഷണ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. തേര ആദിവാസി കുടി കാണിക്കാരൻ ചുങ്കാൻ തായപ്പൻ, കുഞ്ചിപ്പാറ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ, വാര്യം കാണിക്കാരൻ പൊന്നു സ്വാമി വലിയ അലങ്കാരൻ, ജനസംരക്ഷണ സമിതി പ്രവർത്തകരായ സിജുമോൻ ഫ്രാൻസിസ്, ജോർജ്കുട്ടി, എന്നിവരാണ് കേസിൽ കക്ഷി ചേർന്നത്. 2016 ജൂലായ് മാസത്തിൽ ആരംഭിച്ച നിയമ പോരാട്ടം 2020 നവംബറിൽ അവസാനിക്കുമ്പോൾ പ്രദേശവാസികൾക്കും ജനസംരക്ഷണ സമിതിക്കും ഏറെ കരുത്ത് പകരുന്ന ഒന്നായി ഈ വിധി. ജസ്റ്റിസ് നാഗരേഷ് അദ്ധ്യക്ഷനായ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തട്ടേക്കാട് പാലത്തിന് വേണ്ടി കോടതിയിൽ ഹാജരായ അഡ്വ: എൻ എം.വർഗീസാണ് ഹർജിക്കാർക്കായി ഹാജരായത്.ഇതേ സാഹചര്യങ്ങൾ നിലനിൽക്കുന്ന മണികണ്ടൻചാൽ പാലത്തിനായും കോടതിയെ സമീപിക്കാനെരുങ്ങുകയാണ് ജനസംരക്ഷണ സമിതി.