വൈപ്പിൻ: ഓൺലൈൻ സംവിധാനത്തിലെ അപാകതമൂലം ഞാറയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതി അടക്കമുള്ള പെർമിറ്റ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നില്ലെന്ന് പരാതി. കെട്ടിടനിർമ്മാണ നിയമത്തിലെ ഭേദഗതിക്കനുസൃതമായി ഓൺലൈൻ സംവിധാനത്തിൽ മാറ്റം വരുത്തിയിട്ടില്ല. ഐ.കെ.എം ജീവനക്കാരുടെ സമരംമൂലം ലൈസൻസികൾക്ക് ഓൺലൈൻ വഴി പ്ലാൻ സമർപ്പിക്കുവാൻ സാധിക്കുന്നില്ല. എന്നാൽ സമീപ പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ ചട്ടത്തിൽ ഭേദഗതി വന്നതുമൂലം പെർമിറ്റ് അപേക്ഷകൾ നേരിട്ടുസ്വീകരിക്കുന്നതിനാൽ ഈ ബുദ്ധിമുട്ടില്ല. ഞാറയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം ഓൺലൈൻ ഒഴിവാക്കി അപേക്ഷ സ്വീകരിക്കുന്നില്ല. സംഭവത്തിൽ ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് ഡിസൈനേഴ്‌സ് പ്രസിഡന്റ് രമേശൻ പി.കെ., സെക്രട്ടറി അബ്ദുൾ റഹിം എന്നിവർ പ്രതിഷേധിച്ചു.