വൈപ്പിൻ:എം.ഡി.എം.എ. മയക്കുമരുന്നും ഗഞ്ചാവും സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന യുവാവ് പിടിയിവൽ. വൻ കിട നഗരങ്ങളിൽ ഡി.ജെ പാർട്ടിക്കായി ഉപയോഗിക്കുന്ന സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട സൈക്കോട്രോപ്പിക് പദാർത്ഥമായ എം.ഡി.എം.എ കൊണ്ടുവന്നതിന് ഞാറക്കൽ പെരുമ്പിള്ളി കൈതവളപ്പിൽ ആൽബി മകൻ അമലിനെയാണ് (21) ഞാറക്കൽ എക്‌സൈസ് ഇൻസ്‌പെക്ടർ സി.എസ്. സുനിൽകുമാറും സംഘവും പിടികൂടിയത്. യുവാവിന്റെ കൈയ്യിൽനിന്ന് എം.ഡി.എം.എ, ഗഞ്ചാവ് എന്നിവ പിടികൂടി.
വൈപ്പിൻകരയിലെ യുവാക്കൾക്കിടയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ വില്പനയ്ക്കായി എത്തിക്കുന്നവരെക്കുറിച്ച് നടത്തിയ രഹസ്യാന്വേഷണത്തെ തുടർന്നാണ് യുവാവ് പിടിയിലായത്. കഴിഞ്ഞ 2 മാസങ്ങളിലായി ചെറിയ പാക്കറ്റകളിലായി 3000 രൂപക്കാണ് യുവാക്കൾക്കിടയിൽ വില്പന നടത്തിയിരുന്നത്. പ്രതിയുടെ ബന്ധുവായ നായരമ്പലം സ്വദേശി വഴിയാണ് ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചുകൊണ്ടിരുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തി ഇതിലുൾപ്പെട്ട എല്ലാവരേയും പിടികൂടുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. ഞാറക്കൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. അരുൺ, ടി.എ. രതീഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ.എം. മനേഷ്, പ്രദീപ്കുമാർ. എം.ജി., കെ.ആർ. രാഹുൽ, ടി.എസ്. ജറിൽ, വി.എം. മേഘ, കെ.കെ. കബീർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.