കൊച്ചി : എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേടിനെയും ബ്ളാവനയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള പാലം നിർമ്മിക്കുന്നതിനുള്ള അനുമതിതേടി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒരുമാസത്തിനുള്ളിൽ ഒാൺലൈനായി അപേക്ഷ നൽകാനും ഇതനുസരിച്ച് വനം പരിസ്ഥിതി മന്ത്രാലയം ഉടൻ നടപടിയെടുക്കാനും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.
പെരിയാറിനു കുറുകേയുള്ള പാലത്തിനായി വർഷങ്ങളായി അപേക്ഷ നൽകിയിട്ടും നടപടിയില്ലെന്നാരോപിച്ച് കല്ലേലിമേട് ആദിവാസി ഉൗരുകളിലെ മൂപ്പന്മാരായ തായപ്പൻ, അല്ലി തുടങ്ങിയവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 60 ആദിവാസി കുടുംബങ്ങളും ഇരുനൂറോളം കർഷകകുടുംബങ്ങളും താമസിക്കുന്ന കല്ലേലിമേടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതിനാണ് ബ്ളാവനയിലേക്ക് പാലം വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നത്. ഇവിടെ പഞ്ചായത്തിന്റെ ജങ്കാർ സർവീസുണ്ടെങ്കിലും അത് പകൽ മാത്രമാണെന്നും രാത്രികാലങ്ങളിൽ അടിയന്തര ആവശ്യമുണ്ടായാൽ 40 കിലോമീറ്ററോളം അകലെയുള്ള കോതമംഗലത്തേക്ക് പോകേണ്ട സ്ഥിതിയാണെന്നും ഹർജിക്കാർ പറയുന്നു. ഇൗ പ്രദേശങ്ങത്തുള്ളവർ ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി കോതമംഗലത്തേക്കാണ് പോകുന്നത്. വനത്തിലൂടെയുള്ള യാത്ര അപകടകരമാണെന്നും അടുത്തിടെ ഏകാദ്ധ്യാപക വിദ്യാലയത്തിലെ ടീച്ചർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ വനമേഖലയിൽ പാലം നിർമ്മിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും ഇതിന് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപേക്ഷ നൽകണമെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്നാണ് ഇത്തരത്തിൽ ഒരുമാസത്തിനുള്ളിൽ അപേക്ഷ നൽകാൻ ഹൈക്കോടതി നിർദേശിച്ചത്.