കോലഞ്ചേരി: കൊവിഡിനിടെയെത്തിയ തിരഞ്ഞെടുപ്പുകാലം ചുമരെഴുത്ത് കലാകാരന്മാർക്ക് തൊഴിലിന്റെയും ജീവിതത്തിന്റെയും വീണ്ടെടുപ്പുകൂടിയാണ്. മഹാമാരിയെ തുടർന്ന് നഷ്ടപ്പെടുത്തിയ തൊഴിൽദിനങ്ങൾ കുറച്ചെങ്കിലും തിരഞ്ഞെടുപ്പുവേളയിൽ തിരിച്ചുപിടിക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പിൽ പ്ളാസ്റ്റിക് ഉപയോഗിക്കാൻ പറ്റാതായതോടെ പ്രചാരണ രീതികൾ പഴയകാലത്തേക്കു മടങ്ങുകയാണ്. ഇതാണ് ചുമരെഴുത്ത് തൊഴിലാളികൾക്ക് ഗുണമായത്. ഫ്ളെക്‌സ് പ്രിന്റിംഗ് വ്യാപകമായതോടെ ഈ രംഗത്തെ തൊഴിൽ നഷ്ടപ്പെട്ട വലിയൊരു വിഭാഗത്തിന് തദ്ദേശ തിരഞ്ഞെടുപ്പിൽ വൻഡിമാൻഡായി. എഴുത്തുകാരെ കിട്ടാനില്ലെന്നാണ് പരാതി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയതിനാൽ എല്ലാ വാർഡുകളിലും ഇവർക്ക് എഴുത്തു ജോലിയുണ്ട്. രാവെന്നോ പകലെന്നോ ഇല്ലാതെയാണ് ജോലി. എഴുത്തുകാരുടെ ഒഴിവ് നോക്കി നടക്കുകയാണ് ഓരോ വാർഡിലെയും പ്രവർത്തകർ.
അഞ്ചു വർഷം കൂടുമ്പോൾ കിട്ടുന്ന ഈ തിരക്കു മാത്രമാണ് ആകെയുള്ള ആശ്വാസം. സ്ഥിരവരുമാനത്തിനു വേറെ പണി നോക്കണം. ചുമരെഴുത്തു കലാകാരൻ അറയ്ക്കപ്പടി സ്വദേശി ഹൈദ്രോസ് പറയുന്നു. മനസിൽ രാഷ്ട്രീയം ഉണ്ടെങ്കിലും തൊഴിലിൽ അതു നോക്കാൻ കഴിയില്ല. ആവശ്യക്കാർ ഏറെയുണ്ട്. എന്നാൽ അതനുസരിച്ച് വരുമാനമില്ല. കൃത്യമായ പ്രതിഫലം ലഭിക്കാനും പാടാണ്. പരിചയവും സ്വാധീനവും കാണിച്ച് ചിരിച്ച് കാണിക്കുന്നവരുമുണ്ട്. പാർട്ടി പ്രവർത്തകരിൽ തന്നെ നല്ല എഴുത്തു കലാകാരന്മാർ ഉണ്ടാവും. പണിയില്ലാതായതോടെ ഒട്ടേറെ കലാകാരന്മാർ മറ്റു തൊഴിലുകളിലേക്കു തിരിഞ്ഞു. പുതുതായി ആരും ഈ രംഗത്തേക്കു വരുന്നുമില്ല. സ്ഥിരം തൊഴിൽ ലഭ്യമല്ലാത്തതാണു കാരണം. ഇതോടൊപ്പം തുണി ബാനറുകളിലെ എഴുത്തും തിരിച്ചെത്തുകയാണ്. ഫ്‌ളെക്‌സിനു പകരം വിവിധ തരം തുണികളിലാണ് ഇത്തവണ വോട്ടഭ്യർത്ഥനകൾ. കോട്ടൺ, ചോളത്തിൽ നിന്നു നിർമിക്കുന്ന ഭോർ, കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തുണി തുടങ്ങിയ പകരക്കാർ പലവിധം തിരഞ്ഞെടുപ്പിനു മുന്നോടിയായി എത്തിയിട്ടുണ്ട്. തുണികളിൽ ബാനർ എഴുതുന്നവർക്കു മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പ് ഗുണമാണ്. പരമ്പരാഗത രീതിയിൽ തുണിയിൽ എഴുതിയുള്ള ബാനറിന് ആവശ്യക്കാരേറെയുണ്ട്.