കൊച്ചി: സഹകരണ പ്രസ്ഥാനങ്ങളെ കള്ളപ്പണം നിക്ഷേപിക്കാനും ഒളിപ്പിച്ചുവെക്കാനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശക്തികൾക്കെതിരായ മുന്നേറ്റമായി ഈ സഹകരണ വാരാഘോഷം മാറണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. സഹകാർ ഭാരതിയുടെ സംസ്ഥാനതല സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷൻ പദ്ധതിയിലായാലും സ്വർണ കള്ളക്കടത്തിലായാലും സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾ കള്ളപ്പണത്തിനെതിരായ വലിയ മുന്നേറ്റമാണ്. സഹകരണ സംഘങ്ങൾ രൂപീകരിക്കാനും അതിൽ അംഗങ്ങളാകാനുമുള്ള അവകാശം ഏത് വ്യക്തിയുടെയും മൗലികാവകാശമാണെന്ന് ഭേദഗതി വരുത്തിയ സഹകരണ നിയമം നടപ്പിലാക്കാത്ത സംസ്ഥാനമാണ് കേരളം. സഹകരണ മേഖലയെ അതിന്റെ ഏറ്റവും അടിസ്ഥാനതലത്തിൽ തന്നെ തകർക്കാൻ ശ്രമിക്കുന്ന ആളുകൾ കേന്ദ്രസർക്കാർ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന പൊള്ളയായ ആരോപണം ഉന്നയിക്കുകയാണ്. 25 കോടി ആളുകൾ ബന്ധപ്പെട്ട് കിടക്കുന്ന മേഖലയാണ് സഹകരണ രംഗം.
കേരളബാങ്ക് എന്ന പ്രചരണംതന്നെ തെറ്റാണ്. ആ നിലയിൽ റിസർവ് ബാങ്ക് അംഗീകാരം നൽകിയിട്ടില്ല. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ 20 ശാഖകൾക്ക് മാത്രമാണ് അംഗീകാരം. കണക്കിൽപെടാത്ത പണം നിക്ഷേപിച്ചിട്ടുള്ള ബാങ്കുകളുടെ ആളുകൾ കേരളബാങ്ക് എന്ന പേരിൽ അതിന്റെ നേതൃരംഗത്തേക്ക് വരാനാണ് ശ്രമിക്കുന്നത്. ആർ.ബി.ഐയുടെ നിർദേശങ്ങൾ അട്ടിമറിച്ചുകൊണ്ട് സാധാരണക്കാരുടെ നിക്ഷേപത്തിൽ കൈയിട്ടുവാരാനുള്ള ശ്രമമാണിത്. ആഗോള സാമ്പത്തികമാന്ദ്യമുള്ള കൊവിഡ് കാലത്ത് സഹകരണ മേഖലയിൽ നിക്ഷേപമുള്ളവരുടെ താത്പര്യം സംരക്ഷിക്കാനുള്ള ബിൽ കൊണ്ടുവന്നപ്പോൾ അത് നടപ്പിലാക്കാൻ കേരളം തയ്യാറായില്ല. ഇത് കാർഷികവായ്പാ സൊസൈറ്റികളെ ബാധിക്കുമെന്ന വ്യാജപ്രചരണമാണ് നടത്തുന്നത്. ആത്മനിർഭർ ഭാരതിന്റെ നട്ടെല്ലാകാൻ പോകുന്നത് സഹകരണമേഖലയാണ്. ഗുജറാത്തിലെ സർക്കാർ ഏറ്റവും താഴെത്തട്ടിലുള്ള ആളുകൾക്ക് വേണ്ടിയുള്ള വായ്പാപദ്ധതി നടപ്പിലാക്കിയത് രണ്ട് ശതമാനം പലിശയ്ക്ക് വായ്പ അനുവദിച്ചുകൊണ്ടാണ്. പത്തുലക്ഷം പേർ ഗുണഭോക്താക്കളായ പദ്ധതിയാണിത്. ഈ പദ്ധതിയിൽ ആറ് ശതമാനം പലിശ സംസ്ഥാന സർക്കാർ വഹിക്കുകയാണ്. വഴിയോരക്കച്ചവടക്കാരായ ആളുകളെ സഹായിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികൾ എങ്ങിനെയാണ് സംസ്ഥാന സർക്കാരുകൾ പ്രയോജനപ്പെടുത്തുന്നത് എന്നതിന്റെ ഉദാഹരണമാണിതെന്ന് മുരളീധരൻ പറഞ്ഞു. സഹകാർ ഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ബി. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മഹിളാവിഭാഗം പ്രമുഖ് മിനി.ആർ.മേനോൻ സ്വാഗതം പറഞ്ഞു.