കാലടി : കാലടി മഞ്ഞപ്രയിലുള്ള ഒരു ആശുപത്രിയിൽ അലോപ്പതി ചികിത്സ നടത്തിയിരുന്ന ആയുർവേദ ഡോക്ടർ അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ സൂര്യോദയ അജയ്‌രാജാണ് (33) പിടിയിലായത്. ബി.എ.എം.എസ് ബിരുദധാരിയായ അജയ് രാജ് എം.ബി.ബി.എസ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചാണ് അലോപ്പതി ചികിത്സ നടത്തിക്കൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ . കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്. മൂന്നുമാസമായി ഇയാൾ ഇവിടെ ചികിത്സനടത്തിവരികയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞദിവസം ആലുവ കോമ്പാറയിലെ ഒരുക്ലിനിക്കിൽ നിന്നും സംഗീതാ ബാലകൃഷ്ണൻ എന്ന വ്യാജഡോക്ടറെ പിടികൂടിയിരുന്നു. രണ്ടുമാസമായി ഇവർ ക്ലിനിക്കിൽ ചികിത്സ നടത്തിവരികയായിരുന്നു. ഇരുവരുടേയും എം.ബി.ബി.എസ് സർട്ടിഫിക്കറ്റുകൾ ഒരു പോലെയാണ് നിർമ്മിച്ചിട്ടുള്ളതെന്നും വിശദ അന്വേഷണം നടത്തിവരുന്നതായും പൊലീസ് പറഞ്ഞു. പെരുമ്പാവൂർ ഡിവൈ.എസ്.പി കെ. ബിജുമോൻ, കാലടി സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫ് , എസ്.ഐമാരായ സ്റ്റെപ്റ്റോ ജോൺ, ഡേവിസ് ടി.എ, ദേവസി, എ.എസ്.ഐ പി.ഒ. റെജി, സി.പി.ഒമാരായ സെബാസ്റ്റ്യൻ , പ്രിൻസ്, അനിൽ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.