കളമശേരി: ബംഗാളിൽ ജനിച്ചു വളർന്ന ബംഗാളിയല്ലാത്ത മലയാളിയാണ് 'ഭായി ഗോപി '. ഏലൂർ നഗരസഭ വാർഡ് 17 ൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി ഭായി ഗോപിയെന്നാണ് അറിയപ്പെടുന്നത്.
രണ്ട് പതിറ്റാണ്ട് ബംഗാളിലായിരുന്നു ഗോപി. ഒന്നാം ക്ലാസുമുതൽ ഡിഗ്രി വരെ പഠിച്ചതും അവിടെ. 1980 ലാണ് ഏലൂരിലെ തറവാട്ടിൽ തിരിച്ചെത്തുന്നത്.
ഭായി അങ്ങനെയാണ്. ആരെ കണ്ടാലും നമസ്തെ പറഞ്ഞ് അഭിവാദ്യം ചെയ്യും. വണ്ടി ഓടിക്കുമ്പോഴും അതിൽ മാറ്റമില്ല. ഇലക്ഷനു വേണ്ടിയുള്ള നാട്യമല്ല, കുട്ടിക്കാലം മുതലുള്ള ശീലമാണ്. സഹായത്തിനായി എവിടെയുമെത്തും. കോഴിക്കോട് ദുരന്തഭൂമിയിൽ സേവാഭാരതി യോടൊപ്പം ഭായി ഉണ്ടായിരുന്നു. മികച്ച ഫുട്ബോൾ കളിക്കാരൻ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്കു വേണ്ടി കളിച്ചു. ടേബിൾ ടെന്നീസിൽ ഐ.ടി.ഐ ചാമ്പ്യൻ, ഫാക്ട് ക്രെഡിറ്റ് സൊസൈറ്റി ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി രണ്ടു പ്രമുഖ പാനലുകൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ജയിച്ചു. തുടർന്ന് വിജയം രണ്ടു തവണ കൂടി ആവർത്തിച്ചു. 40 വർഷത്തെ രാഷ്ട്രീയ ട്രേഡ് യൂണിയൻ രംഗത്തെ പ്രവർത്തന പരിചയം. രാഷ്ട്രീയത്തിന്നതീതമായ സൗഹൃദവലയം. ഭായി ആള് ചില്ലറക്കാരനല്ല. വാർഡിൽ മത്സരം കടുക്കുമെന്ന് ഉറപ്പാണ്.