കൊച്ചി: കേരളത്തിലെ ജനകീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടയും ദലിത്- ആദിവാസി - പരിസ്ഥിതി - സ്ത്രീ സംഘടനകളുടെയും രാഷ്ട്രീയ സഖ്യമായി ജനകീയ ജനാധിപത്യ മുന്നണി (പി.ഡി.എഫ്) നിലവിൽ വന്നു.
സി.പി.എം, കോൺഗ്രസ്, ബി.ജെ.പി മുന്നണികൾക്ക് പുറത്ത് ജനാധിപത്യവത്ക്കരണത്തിനും ജനപക്ഷ വികസനത്തിനും വേണ്ടിയുള്ള രാഷ്ട്രീയ മുന്നേറ്റമാണ് പി.ഡി.എഫെന്ന് നേതാക്കൾ പറഞ്ഞു.
സാമൂഹികനീതി, സാമ്പത്തികനീതി, ലിംഗനീതി, പാരിസ്ഥിതികനീതി എന്നിവ മുന്നണിയുടെ അടിസ്ഥാന പ്രമാണങ്ങളായിരിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികൾ മത്സരിക്കും. പൊതുനിലപാടിനോട് യോജിപ്പുള്ള സംഘടനകളെയും സ്ഥാനാർത്ഥികളെയും പിന്തുണയ്ക്കുകയും ചെയ്യും. ജനകീയ പ്രശ്നങ്ങളിൽ യോജിച്ച് പ്രക്ഷോഭണ പ്രചാരണങ്ങൾ നടത്തും. രണ്ട് ഓൺലൈൻ യോഗങ്ങൾക്ക് ശേഷം ചേർന്ന യോഗത്തിലാണ് മുന്നണിയുടെ സംഘാടക സമിതി രൂപീകരിച്ചത്. യോഗത്തിൽ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറൽ കൺവീനർ സണ്ണി എം. കപിക്കാട് ആമുഖപ്രഭാഷണം നടത്തി. കെ. അംബുജാക്ഷൻ (കേരള ദലിത് പാന്തേഴ്സ്), ജിയോ ജോസ് (എൻ.എ.പി.എം), ജോർജ് മൂലേച്ചാലിൽ (കേരള കാത്തലിക് റിഫോമേഷൻ മൂവ്മെൻ്റ്), അഡ്വ. ജെയ്മോൻ തങ്കച്ചൻ (സമാജ് വാദി ജനപരിഷത്ത്), അജിത സാനു (ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം), ടി.ജി. തമ്പി, പി.ജെ. തോമസ്, ജോർജ് ജോസഫ്, കെ. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കെ. സുനിൽ കുമാർ സ്വാഗതവും പി.കെ. കുമാരൻ നന്ദിയും പറഞ്ഞു. 50 അംഗ സംസ്ഥാന സമിതിയും 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു. പി.ജെ. തോമസ് (കൺവീനർ), പ്രൊഫ. കുസുമം ജോസഫ്, (എൻ.എ.പി.എം), കെ. അബുജാക്ഷൻ (കെ. ഡി.പി), സണ്ണി എം. കപിക്കാട് (ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം), കെ.എസ് ഹരിഹരൻ (ആർ.എം.പി.ഐ), അഡ്വ. ജെയ്മോൻ തങ്കച്ചൻ (സമാജ് വാദി ജനപരിഷത്ത്), ജോർജ് മൂലേച്ചാലിൽ (കെ.സി.ആർ.എംആർ), മഗ്ലിൻ ഫിലോമിന, കെ.ഡി. മാർട്ടിൻ, അജിത സാനു, അഡ്വ. കെ.വി. ഭദ്രകുമാരി, ജോർജ് മുല്ലക്കര, കെ. സന്തോഷ് കുമാർ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന കൺവൻഷനിൽ മുന്നണി വിപുലീകരിക്കും.