കോലഞ്ചേരി: കന്നി വോട്ടർമാർക്കും പറയാനുണ്ട്. 2000 ന് ശേഷം ജനിച്ചവരാണ് ഇത്തവണത്തെ കന്നി വോട്ടർമാർ. ആദ്യമായി വോട്ടവകാശം വിനിയോഗിക്കാൻ പോകുന്ന നവവോട്ടർമാർക്ക് സ്ഥാനാർത്ഥിയെക്കുറിച്ചും സ്വന്തം നാട്ടിൽ നടപ്പാകേണ്ട വികസനത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. യുവാക്കളുടെ ആശയങ്ങൾക്ക് ചെവി കൊടുക്കുന്നവർക്കും വിശാലമായി ചിന്തിക്കുന്നവർക്കുമായിരിക്കും ഇനിയങ്ങോട്ട് ഇവരുടെ വോട്ട്.2015 ലെ വോട്ടർമാരേക്കാൾ ജില്ലയിൽ 1,55,112 വോട്ടർമാരാണ് ഇക്കുറി കൂടുതൽ.

ചെറുപ്പക്കാരുടെ കാഴ്ചപ്പാടുകൾ

നാടിന്റെ വികസനം, അതാണ് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി ചെയ്യേണ്ടത്. അതി​ന് പറ്റി​യവർക്ക് വേണം വോട്ടുചെയ്യാൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നുറപ്പുള്ള സ്ഥാനാർത്ഥിയെ വേണം തിരഞ്ഞെടുക്കാൻ.

ആദിത് ബാബു, ബി.കോം വിദ്യാർത്ഥി സെന്റ് മേരീസ് കോളേജ് അല്ലപ്ര.

പൊതുപ്രവർത്തനരംഗത്തെ പരിചയസമ്പത്തിനൊപ്പം വിദ്യാഭ്യാസമുള്ളവരെ അധികാരസ്ഥാനങ്ങളിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾ തയ്യാറാകണം. മാറിയ കാലത്തിനനുസരിച്ച് പദ്ധതികൾ നടപ്പാക്കാൻ അധികാരത്തിലെത്തുന്നവർ ശ്രദ്ധിക്കണം. വിദ്യാഭ്യാസമേഖലയിൽ മുന്നോട്ടു കുതിക്കുമ്പോൾ യോഗ്യരായി പുറത്തിറങ്ങുന്ന മുഴുവൻപേർക്കും തൊഴിലവസരമൊരുക്കണം.

പാർവ്വതി ബാബു, ബി.ബി.എ വിദ്യാർത്ഥിനി, ബി.എം.സി കോളേജ് ചൂണ്ടി


മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ യുവതീ യുവാക്കൾ മത്സരരംഗത്തേക്കു വരുന്നത് ശുഭസൂചനയാണ്.ഭാവിതലമുറയെ കണ്ടുകൊണ്ടുള്ള വികസനപ്രവർത്തനങ്ങളാകണം നടപ്പാക്കേണ്ടത്

ബേസിൽ വർഗീസ്, ബി.ബി.എ വിദ്യാർത്ഥി, ബി.പി.സി കോളേജ് പിറവം.

വിജയിച്ചുകഴിഞ്ഞാൽ രാഷ്ട്രീയം മാ​റ്റിവെച്ച് നാടിന്റെ നന്മയ്ക്കുവേണ്ടിയാകണം ഓരോ ജനപ്രതിനിധിയുടെയും പ്രവർത്തനം. എന്റെ കന്നിവോട്ട് നാടിനു ഗുണകരമാകുന്ന രീതിയിൽ ഫലപ്രദമായി വിനിയോഗിക്കും. സ്ഥാനാർത്ഥികൾ നല്ല വിദ്യാഭ്യാസമുള്ളവരാകണം. ഉറപ്പ് ലഭിക്കുന്നവർക്ക് എന്റെ കന്നിവോട്ട് നൽകും.

പവിൻ ടി. ജോൺ , ഫിസിയോതെറാപ്പി വിദ്യാർത്ഥി , നിറ്റി കോളേജ് മംഗലാപുരം


ആദ്യമായി കിട്ടിയ വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കും. വോട്ടുചെയ്യാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. രാഷ്ട്രീയത്തിനതീതമായി ജനങ്ങൾക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവർക്ക് വോട്ടുചെയ്യും.

അലൻ പി.എൽദോസ്, പി.ടി വിദ്യാർത്ഥി, നിറ്റി യൂണിവേഴ്സിറ്റി മംഗാലാപുരം