കാലടി: മാസ്കിനുള്ളിൽ തങ്ങുന്ന വായുലിനെ ശുചീകരിക്കാനുള്ള ചിപ്പ് ഘടിപ്പിച്ച മാസ്ക് വികസിപ്പിച്ചെടുത്ത് കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ. രണ്ടാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് വിദ്യാർത്ഥികളായ അൻസൽ ഖാനും, ആൻട്രീസ പൗലോസുമാണ് നൂതന മാസ്‌ക് വികസിപ്പിച്ചെത്. സാധാരണ മാസ്കുകൾ ഉപയോഗിക്കുമ്പോൾ നമ്മൾ പുറം തള്ളുന്ന കാർബൺഡൈഒക്‌സൈഡ് തന്നെയാണ് നമ്മൾ ശ്വസിക്കുന്നത്. അത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിന് പരിഹാരമാകുന്ന മാസ്കാണ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.വകുപ്പ് മേധാവി പ്രൊഫ: എസ്. ഗോമതി, അദ്ധ്യാപകൻ ഡോ. ജിനോ പോൾ തുടങ്ങിയവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾ മാസ്ക് നിർമ്മിച്ചത്. മാസ്കിന് പേറ്റന്റ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് വിദ്യാർത്ഥികൾ.
ഇലക്ട്രിക്കൽ ചിപ്പ്
ഇലക്ട്രിക്കൽ ചിപ്പ് ഘടിപ്പിച്ചിട്ടുളളതാണ് വിദ്യാർത്ഥികൾ വികസിപ്പിച്ച മാസ്ക്. ഇത് വായുവിനെ ശുചീകരിക്കുന്നു. ചാർജ് ചെയ്യാവുന്നതാണ് ചിപ്പ്. കൂടാതെ ശുദ്ധവായുവിന്റെ പ്രവാഹം ഉറപ്പാക്കുന്ന നിയന്ത്രണ സംവിധാനവും മാസ്കിലുണ്ട്. ഇതു വഴി നിശ്വാസ വായു പുറത്തേക്കും, ഉഛ്വാസ വായു അകത്തേക്കും പൂർണമായും എത്തുന്നു. കൂടുതൽ സമയങ്ങളിൽ മാസ്ക് ഉപയോഗിക്കേണ്ടിവരുന്നവർക്ക് ഈ മാസ്ക് ഏറെ ഗുണപ്രദമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.