കോലഞ്ചേരി: കപ്പിനും ചുണ്ടിനുമിടയിൽ സ്ഥാനാർത്ഥിത്വം നഷ്ടമായവർ ‌ഏറെയുണ്ട് കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ. തിരുവാണിയൂർ വാർഡ് 11ൽ പ്രചാരണം തുടങ്ങിയ യു.ഡി.എഫിലെ രാജേഷ് കണ്ടേത്തുപാറയെ വെട്ടി ജനറൽ സീറ്റിൽ സുലോചനയ്ക്ക് സീറ്റു നൽകി. ഇവിടെ എൽ.ഡി.എഫിലെ സി.ആർ പ്രകാശാണ് സ്ഥാനാർത്ഥി.

വടവുകോട് ബ്ലോക്കിലെ കടയിരുപ്പ് ഡിവിഷനിൽ അവസാനവട്ടം വരെ സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്ന വടവുകോട് ബ്ളോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് യു.ഡി.എഫിലെ ബിനീഷ് പുല്ല്യാട്ടേലിനെ വെട്ടി യു.ഡി.എഫ് മണ്ഡലം ചെയർമാൻ സി.പി.ജോയിക്ക് സീറ്റു നൽകി. ഇവിടെ മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എം.കെ മനോജാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.

പട്ടിമറ്റം ഡിവിഷനിൽ അവസാനം വരെ സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്ന മുൻ കുന്നത്തുനാട് പഞ്ചായത്തംഗം എ.പി. കുഞ്ഞുമുഹമ്മദിനെ മാറ്റിയാണ് മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.അശോകന് സീറ്റ് നൽകിയത്.

മഴുവന്നൂർ പഞ്ചായത്തിൽ ട്വന്റി20 യുടെ സ്ഥാനാർത്ഥിയായി തീരുമാനിച്ച് 20 ദിവസത്തിലധികം വീടുകൾ തോറും കാമ്പയിൻ വർക്കുകൾ നടത്തിയ 19-ാം വാർഡിലെ വിജി സുരേഷ്, 17 ലെ വി.എസ് ബിനോയ്, 9 ാം വാർഡിലെ ലൈജു എന്നിവർക്കും അവസാനവട്ടം സീറ്റില്ല. ഇതിൽ വി.എസ്. ബിനോയ് ജനകീയ മുന്നണി സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ട്.