തൃപ്പൂണിത്തുറ: മുന്നണികൾക്ക് ഭീഷണിയായി ഉദയംപേരൂരിലും സംയുക്ത സംഘടനാ തിരഞ്ഞെടുപ്പ് കളത്തിലേക്ക്. ടീം 20 ഉദയംപേരൂർ എന്ന പേരിലാകും സ്ഥാനാർത്ഥികൾ വോട്ട് തേടുക.
കഴിഞ്ഞ ദിവസം ഉദയംപേരൂരിൽ ചേർന്ന സാമൂഹ്യ-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗമാണ് സംഘടനയ്ക്ക് രൂപം നൽകിയത്.വിവിധ മുന്നണികൾ ഭരിച്ചിട്ടും ഉദയംപേരൂർ ഗ്രാമത്തിന് ഇപ്പോഴും പുരോഗതി കൈവരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും ഇതാണ് ഇത്തരമൊരു സംഘടന രൂപീകരിക്കുവാൻ തയ്യാറായതെന്നും പ്രവർത്തകർ പറയുന്നു.
എന്റെ നാടിന്റെ വികസനം എന്റെ സ്വപ്നം എന്ന മുദ്രാവാക്യം ഉയർത്തിയാകും വോട്ട് തേടുക .വിദേശ മലയാളികളും വ്യവസായികളുമടക്കമുള്ളവരുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് സംഘടനാ ചെയർമാൻ ജോസ് അറയ്ക്കത്താഴത്ത് പറഞ്ഞു. സമാനസ്വഭാവമുള്ള സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തും.ആദ്യ ഘട്ടമായി പന്ത്രണ്ട് വാർഡുകളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.രാജേന്ദ്രൻ മുട്ടത്ത് (കൺവീനർ), സാജൻ മട്ടമ്മേൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.യോഗത്തിൽ സനൽ പൈങ്ങാടൻ, എസ്.സുരേന്ദ്രൻ, പോൾ കാറ്റാടി, എം.വി മണി, മോഹനൻ വടക്കാഞ്ചേരി, വർഗീസ് മട്ടമ്മേൽ എന്നിവർ സംസാരിച്ചു.