തൃക്കാക്കര : തൃക്കാക്കരയിൽ ഇടത് വലത് മുന്നണികൾക്ക് തലവേദനയായി വിമതഭീഷണി. കോൺഗ്രസാണ് കൂടുതൽ കഷ്ടത്തിലായിരിക്കുന്നത്. ഏറ്റവും അധികം വിമിതശബ്ദം യു.ഡി.എഫ് മുന്നിണിയിലാണ്. കോൺഗ്രസിൽ രണ്ടു വാർഡുകളിൽ കോൺഗ്രസ് എ - ഐ ഗ്രൂപ്പ് തർക്കം മൂലം സ്ഥാനാർത്ഥികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മുൻ ചേർപ്പേഴ്സൺ ഷീല ചാരു മത്സരിച്ച കുന്നത്തുചിറ, സാബു ഫ്രാൻസിസ് മത്സരിച്ച ദേശീയകവല എന്നിവിടങ്ങളിലാണ് ഗ്രൂപ്പ് തർക്കം. കോൺഗ്രസ് നേതാവ് പി.ഐ മുഹമ്മദാലി മത്സരിക്കുന്ന ഇടച്ചിറയിൽ കോൺഗ്രസ് നേതാവ് ഷാന അബ്ദുവും, കുന്നത്തുചിറ വാർഡിൽ മുൻ കൗൻസിലർ കെ.എം മാത്യുവും,കോൺഗ്രസ് നേതാവ് ബാബു ആന്റണിയും മത്സരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. അത്താണി വാർഡിൽ ഇ.കെ കരീമിനും,സാബു പടിയഞ്ചേരിയും മത്സരരംഗത്തുണ്ട്. കോൺഗ്രസ് നേതാവ് സി.സി വിജുവിന് ഇക്കുറിയും സീറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതിനെതിരെ യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം എതിർപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം, ഇടതുമുന്നണിയിൽ ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി എട്ടോളം വാർഡുകളിൽ എതിർ ശബ്ദങ്ങൾ ഉയർന്നെങ്കിലും ഇതെല്ലാം പരിഹരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി. നിലംപതിഞ്ഞി മുഗൾ വാർഡിൽ ജനമുന്നേറ്റത്തിന്റെ പിന്തുണയോടെ മത്സരിക്കുന്ന സി.പി.എം ഓട്ടോ ബ്രാഞ്ച് അംഗം മുഹമ്മദ് ജാഫർ ഇരുമുന്നണികൾക്കും തലവേദനയായിട്ടുണ്ട്. കളത്തിക്കുഴി വാർഡിൽ സി.പി.എം ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്ന കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൻ ആശ തഴയപ്പെട്ടതിനെ തുടർന്ന് മത്സരരംഗത്തുണ്ട്.