കോലഞ്ചേരി: പത്രിക സമർപ്പണം കഴിഞ്ഞ് സജീവ പ്രചരണത്തിനിറങ്ങുന്ന വനിത സ്ഥാനാർത്ഥികൾക്ക് സാരി മസ്റ്റാക്കി മുന്നണികൾ. ഏറെ പുതുമുഖങ്ങൾ മത്സര രംഗത്തുള്ള തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സ്ഥാനാർത്ഥിയെ, കുറച്ചൊരു ഗൗരവമായി കാണാൻ സാരി അത്യുത്തമമാണെന്നാണ് വിലയിരുത്തൽ. ചുരിദാർ, ലാച്ച ധാരിണികളായ സ്ഥാനാർത്ഥികളോടു സാരി ധരിച്ചു വേണം വീടുകൾ കയറാനെന്നാണ് പാർട്ടികൾ നിർദേശം നല്കിയിരിക്കുന്നതത്രേ. തിരഞ്ഞെടുപ്പ് ഗോദയിൽ മുതിർന്ന നേതാക്കളുമായി മത്സരിക്കുമ്പോൾ ചുരിദാറും ലാച്ചയും ധരിച്ചു വോട്ടർമാരെ സമീപിക്കരുത്. സ്ഥാനാർത്ഥികൾ പക്വത കുറഞ്ഞവരാണെന്നു വോട്ടർമാർ വിലയിരുത്തിയാലോ ഇതിന് പിന്നിലെ പാർട്ടികളുടെ ആശങ്ക. പാന്റ് പതിവാക്കിയവരാണെങ്കിലും പുരുഷ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് സമയത്ത് പരമ്പരാഗത മുണ്ടിലേക്ക് മടങ്ങുകയാണ് പതിവ്. കാറുള്ള സ്ഥാനാർത്ഥികൾ സഞ്ചാരം തല്ക്കാലം സ്കൂട്ടറിലേയ്ക്കും മാറ്റി. മുക്കിലും മൂലയിലും ഓടിയെത്താൻ സ്കൂട്ടറാണ് നല്ലത്. മാത്രമല്ല എ.സി കാറിൽ കറങ്ങി നടന്ന് വോട്ടു തേടിയാൽ പണി പാളുമെന്നവർക്കറിയാം. നാട്ടിൽ ജനങ്ങളോടൊപ്പം പൊരുതേണ്ടവനാണ്, അല്പം വെയിലും, വിയർപ്പുമൊക്കെയായി വീടുകളിലേക്കെത്തുമ്പോൾ കറങ്ങി നടക്കുന്ന ദുരിതമോർത്തെങ്കിലും വോട്ടർമാരുടെ മനസലിഞ്ഞെങ്കിലോ. പോരാത്തതിന് വിയർപ്പുമായെത്തി പാവപ്പെട്ടവന്റെ വീട്ടിൽ നിന്നും ഒരു ഗ്ളാസ് വെള്ളം വാങ്ങി കുടിച്ച് വോട്ടുറപ്പിക്കുന്നവരുമുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിലൊക്കെ ചിരിയായിരുന്നു മാസ്റ്റർ പീസെങ്കിൽ കൊവിഡ്, കൈ കൂപ്പലും, തല കുമ്പിടലുമാണ് ട്രൻഡ്. മാസ്ക്കഴിച്ച് ചിരിച്ചാൽ ഉള്ള വോട്ടു കൂടി പോകുമെന്നതിനാലാണിത്. ഒട്ടു മിക്കവരും പ്രചരണ നോട്ടീസുകളിൽ മാസ്ക്കുള്ളതും, ഇല്ലാത്തതുമായ ചിത്രങ്ങളും ചേർക്കുന്നുണ്ട്. ആളെ തിരിച്ചറിയൽ എളുപ്പമാക്കാനാണ്. എല്ലാവരും തന്നെ വാട്സാപ്പ് ഗ്രൂപ്പുകളുമുണ്ടാക്കിയാണ് പ്രചാരണത്തിൽ സജീവമാകുന്നത്. അതിൽ രാവിലെയും, രാത്രിയിലും വരുന്ന ഗുഡ്മോർണിംഗ്, ഗുഡ് നൈറ്റ് മെസേജുകൾക്ക് മറുപടി അയച്ച് ഇപ്പോൾ തന്നെ മടുത്തു തുടങ്ങിയെന്നാണ് ചില വനിത സ്ഥാനാർത്ഥികളുടെ പരിഭവം. അയച്ച ഒരാൾക്ക് വിട്ടു പോയാൽ ആ വോട്ട് പോയെങ്കിലോ എന്നോർത്ത് തച്ചിന് ആളെ വച്ചാണ് പലരും പ്രശ്നം പരിഹരിക്കുന്നത്.