ആലുവ: ആലുവ നഗരസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഐ ഗ്രൂപ്പിനെ എ വിഭാഗം തന്ത്രപരമായി വെട്ടിനിരത്തി. ആറ് മാസത്തിന് ശേഷം നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പേരിൽ അൻവർ സാദത്ത് എം.എൽ.എയെ സമ്മർദ്ദത്തിലാക്കിയാണ് എ ഗ്രൂപ്പിന്റെ 'കടുംകൈ' പ്രയോഗമുണ്ടായത്.
26 അംഗ കൗൺസിലിൽ കഴിഞ്ഞ തവണ 10 സീറ്റിൽ മത്സരിച്ച ഐ ഗ്രൂപ്പിന് ഇക്കുറി ഏഴ് സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച കെ.വി. സരളയും നിഷാദ് അലിയും കെ. മുഹമ്മദാലിയുടെ അക്കൗണ്ടിലാണ് സ്ഥാനാർത്ഥികളായതെന്നും ഐ പക്ഷത്തിന് എട്ട് സീറ്റാണ് ലഭിച്ചതെന്നുമാണ് ഇപ്പോഴത്തെ വിശദീകരണം. നഗരസഭ ചെയർപേഴ്സനും വൈസ് ചെയർപേഴ്സനുമെല്ലാം ആറാം വട്ടവും സീറ്റ് നൽകിയപ്പോൾ ഒരു തവണ മാത്രം മത്സരിച്ചവരെ ഒഴിവാക്കി. ഐ ഗ്രൂപ്പിന്റെ കൈവശമിരുന്ന അഞ്ചാം വാർഡ് എ ഗ്രൂപ്പ് പിടിച്ചെടുത്താണ് വൈസ് ചെയർപേഴ്സന് സീറ്റ് നൽകിയത്. പല വാർഡുകളിലും വാർഡ് കമ്മിറ്റികൾ നിർദ്ദേശിക്കാത്തവരെ കെട്ടിയിറക്കുകയും ചെയ്തു. വ്യക്തപരമായ ഇഷ്ടവും അനിഷ്ടവും സ്ഥാനാർത്ഥി നിർണയത്തെ ബാധിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വം ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുമ്പേ വോട്ട് ചേർക്കലും മറ്റുമായി നടന്നവരെയെല്ലാം ഗ്രൂപ്പിന്റെയും അനിഷ്ടത്തിന്റെയും പേരിൽ പട്ടികയിൽ നിന്ന് പുറത്താക്കി.
ഡി.സി.സിക്ക് വിടാൻ തീരുമാനിച്ച സ്ഥാനാർത്ഥി നിർണയം എ ഗ്രൂപ്പുകാരനായ സ്ഥലം എം.പിയുടെ സാന്നിദ്ധ്യത്തിൽ ചർച്ചക്കെടുത്തത് ഐ ഗ്രൂപ്പിനെ വെട്ടിനിരത്താനായിരുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനിടെ പട്ടികയിലുള്ള ഒരു പ്രമുഖന്റെ വാർഡിൽ സ്വതന്ത്രനായി പത്രിക നൽകാൻ തീരുമാനിച്ചയാളുടെ സുഹൃത്തുക്കളെ പ്രലോഭിപ്പിച്ച് പിന്തിരിപ്പിക്കാൻ ചിലർ ക്വട്ടേഷൻ എടുത്തതായി ആരോപണം ഉയർന്നിട്ടുണ്ട്. സ്വതന്ത്രനെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. സ്ഥാനാർത്ഥിത്വം ലഭിക്കാത്തവർ നിശബ്ദ പ്രവർത്തനത്തിലൂടെ ഗ്രൂപ്പ് മാനേജർമാർക്ക് തിരഞ്ഞെടുപ്പിൽ മറുപടി നൽകാൻ നീക്കമുണ്ട്. അവഗണിക്കപ്പെട്ടവരുടെ രഹസ്യ യോഗം ചേരാനും നീക്കമുണ്ടെന്നാണ് വിവരം.