കോലഞ്ചേരി: ആളനക്കവും ജലകേളികളും നിലച്ചു. പക്ഷേ, ആകെ ചെളിയും പായലും. സംസ്ഥാന വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച കോലഞ്ചേരിയിലെ ശുദ്ധജല തടാകമായ ഇന്ദ്രാൻചിറയുടെ അവസ്ഥയാണിത്. പഴയ പ്രതാപത്തിലേക്ക് നന്നാക്കിയെടുക്കണമെങ്കിൽ ലക്ഷങ്ങൾ മുടക്കണം.
പദ്ധതികൾക്ക് കാടുപിടിച്ചു
എറണാകുളം നഗരത്തോട് അടുത്ത് കിടക്കുന്ന ഈ മനോഹര തടാകം വൻ ടൂറിസം സാദ്ധ്യതയാണ് തുറന്നിട്ടിരുന്നത്. മൂന്നാറിലേക്കും മറ്റും പോകുന്ന വിനോദ സഞ്ചാരികൾക്ക് ഇടത്താവളം. എട്ട് ഏക്കറിലധികം വിസ്തൃതിയുള്ളതാണ് ചിറ. ഐക്കരനാട് പഞ്ചായത്തിൽ മൂശാരിപ്പടിയിലെ പ്രധാന ജലസ്രോതസായ ചിറ കടുത്ത വേനലിലും ജലസമൃദ്ധമായിരുന്നു. ഇന്ദ്രാൻചിറ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മുൻ എം.എൽ.എ എം.എം. മോനായി മുൻകൈയെടുത്ത് 2006ൽ വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ കുന്നത്തുനാട് മണ്ഡലത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചിറയിൽ വള്ളംകളി മത്സരം സംഘടിപ്പിച്ചതോടെയാണ് ഇവിടെ ടൂറിസം പദ്ധതികൾക്ക് ജീവൻവച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കോലഞ്ചേരി ടൗണിൽ നിന്ന് രണ്ടര കിലോമീറ്റർ ദൂരത്ത് മൂശാരിപ്പടിയിലാണ് ചിറ. വള്ളംകളി മൂന്നുവർഷത്തോളം മുന്നോട്ടുപോയെങ്കിലും പിന്നീടത് നിലച്ചു. 2016ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രാദേശിക ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഐക്കരനാട് പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരുകോടി രൂപയോളം മുടക്കി ചിറയുടെ സൗന്ദര്യവത്കരണം നടപ്പാക്കി. കെല്ലിനായിരുന്നു നിർമ്മാണ ചുമതല. പായൽ അടിഞ്ഞു കൂടി കൊവിഡിനു തൊട്ടു മുമ്പു വരെ ജല സമൃദ്ധമായ ചിറയും പരിസരവും സേവ് ദി ഡേറ്റ്, വിവാഹ ഫോട്ടോ ഷൂട്ടുകാരുടെ ഇഷ്ട കേന്ദങ്ങളിലൊന്നായിരുന്നു. വിനോദ സഞ്ചാരങ്ങൾക്കും വിവാഹങ്ങൾക്കും നിയന്ത്രണം വന്നതോടെ ആരും തിരിഞ്ഞു നോക്കാതായപ്പോൾ ചിറയിൽ കിടന്ന പായൽ കൂട്ടങ്ങൾ ചിറയിലാകമാനം പടർന്ന് പന്തലിച്ച് ചിറ ചെളിയിൽ മൂടുന്ന സ്ഥിതിയിലേക്കെത്തി. പാർക്കും പരിസരവും കാടുകയറി. കുട്ടികൾക്കായുള്ള പാർക്ക്, കുടുംബസമേതം കൊട്ടവഞ്ചിയാത്ര, സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വാട്ടർ റോപ്പിംഗ്, വിശ്രമിക്കാൻ വൻമരങ്ങൾക്കിടയിൽ ഇരുനില ഹട്ടുകൾ, ബെഞ്ചുകൾ, ചൂണ്ടയിട്ടും വലയെറിഞ്ഞും മീൻപിടിക്കാനുള്ള സൗകര്യം, കുട്ടികൾക്കായി കളി ഉപകരണങ്ങൾ നിറഞ്ഞ പാർക്ക്, തുഴച്ചിലുകാർക്കായി കയാക്കിംഗ് തുടങ്ങി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന നിരവധി പദ്ധതികളാണ് ഇതോടെ നശിച്ചു പോയത്. ആരും തിരിഞ്ഞ് നോക്കാതായതോടെ പാർക്കും പരിസരവും പുല്ല്പിടിച്ച് കാടുകയറി. ഇതോടെ ഇവിടം രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ താവളമായും മാറി.