election

കോലഞ്ചേരി: തദ്ദേശപ്പോരിന്റെ ചൂടാണ് എങ്ങും. പലയിടത്തും സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചുകഴിഞ്ഞു. ചിലർ ഇന്നോ നാളെയോ പത്രിക സമർപ്പിച്ച് പ്രചാരണത്തിലേക്ക് ഇറങ്ങും. വളരെ സൂഷ്മമായി നൽകേണ്ട ഒന്നാണ് നാമനിർദേശ പത്രിക. ഒന്ന് പാളിയാൽ പത്രിക തള്ളിപ്പോകാൻ വരെ സാദ്ധ്യതയുണ്ട്.

അറിയിച്ചില്ലെങ്കിൽ

പണി പാളും

നാമനിർദേശം ചെയ്യപ്പെടുന്ന സ്ഥാനാർത്ഥി ഭരണഘടനയിലേയും 1994ലെ കേരളാ പഞ്ചായത്ത് രാജ്, മുനിസിപ്പാലി​റ്റി ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അംഗമായി തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യതയുള്ള ആളായിരിക്കണം. പത്രിക വാങ്ങാൻ വരണാധികാരിക്ക് അപേക്ഷ നൽകിയാൽ പത്രിക സൗജന്യമായി ലഭിക്കും. പത്രികയിൽ നിശ്ചിത ഫാറത്തിലുള്ള സത്യപ്രതിജ്ഞ യഥാവിധി ചെയ്തിരിക്കണം.ഉച്ചക്ക് പതിനൊന്നിനും മൂന്നു മണിക്കും ഇടക്കുള്ള സമയത്ത് സ്ഥാനാർത്ഥിയോ,നാമനിർദേശകനോ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ ഓഫീസിൽ പത്രിക നേരിട്ടു നൽകണം.

ഒരു പഞ്ചായത്തിലെയോ, മുനിസിപ്പാലി​റ്റിയിലെ ഒന്നിൽ കൂടുതൽ വാർഡുകളിൽ സ്ഥാനാർത്ഥിയായി നാമം നിർദേശിക്കപ്പെടരുത്.

പഞ്ചായത്തുകളുടെ കാര്യത്തിൽ ഒരാൾക്ക് ഒരേ സമയം ഗ്രാമ,ബ്ളോക് ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കാം.

ഒന്നിലധികം തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാൾ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ 15 ദിവസത്തിനകം അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്ന പഞ്ചായത്തിന്റെ വിവരവും അംഗത്വം ഒഴിയുന്ന പഞ്ചായത്തുകളുടെ വിവരവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിച്ചിരിക്കണം. അല്ലെങ്കിൽ എല്ലാ പഞ്ചായത്തുകളിലെ അംഗത്വവും നഷ്ടപ്പെടും.

1000 മുതൽ 3000 വരെ

നാമനിർദേശകൻ മത്സരിക്കുന്ന നിയോജക മണ്ഡലത്തിലെ ഒരു സമ്മതിദായകനായിരിക്കണം.പത്രികയിൽ സ്ഥാനാർത്ഥിയും നാമനിർദേശകനും ഒപ്പിട്ടിരിക്കണം. പട്ടിക ജാതി,വർഗത്തിൽ പെട്ടവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള മണ്ഡലത്തിൽ മത്സരിക്കുന്നവർ പത്രികയിലെ ജാതി സംബന്ധിച്ച സത്യപ്രസ്താവന ഒപ്പിട്ടിരിക്കണം. ജാതി സർട്ടിഫിക്ക​റ്റ് പത്രികയോടൊപ്പം നൽകണം. സ്ഥാനാർത്ഥി ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകൾ, സ്ഥാവര - ജംഗമ സ്വത്തുക്കൾ, ബാദ്ധ്യത,കുടിശിക,വിദ്യാഭ്യാസ യോഗ്യത, കൂറുമാ​റ്റത്തിന് അയോഗ്യത കല്പിക്കപ്പെട്ട വിവരങ്ങൾ നൽകണം.പത്രികയിലെ കോളങ്ങൾ ഒഴിച്ചിടാനോ വരച്ചിടാനോ പാടില്ല.സർവീസിൽ നിന്നും പിരിച്ചു വിട്ട് അഞ്ചു വർഷം കഴിയാത്ത ആളാണെങ്കിൽ പിരിച്ചുവിട്ടത് അഴിമതിക്കോ കൂറില്ലായ്മക്കോ അല്ല എന്ന സാക്ഷ്യപത്രം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വാങ്ങി ഹാജരാക്കണം. സ്ഥാനാർത്ഥി ആ പഞ്ചായത്തിലെ വേറെ ഏതെങ്കിലും മണ്ഡലത്തിലെ വോട്ടറാണെങ്കിൽ ആ മണ്ഡലത്തിലെ വോട്ടർ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകണം.
ഒരു സ്ഥാനാർഥിക്കുവേണ്ടി മൂന്നിലധികം നാമനിർദ്ദേശങ്ങൾ സമർപ്പിക്കരുത്.തിരഞ്ഞെടുപ്പിന്റെ കാര്യത്തിലേക്കായി കെട്ടിവയ്‌ക്കേണ്ട തുക ട്രഷറിയിൽ നിശ്ചിത ഹെഡിൽ ഒടുക്കിയതിന്റെ ചെല്ലാൻ നല്കണം. കെട്ടിവയ്ക്കേണ്ട തുക ഗ്രാമ പഞ്ചായത്ത് -1000, ബ്ലോക്ക്, മുനിസിപ്പാലി​റ്റി - 2000, ജില്ല പഞ്ചായത്ത്, കോർപറേഷൻ - 3000.പട്ടികജാതി പട്ടികവർഗക്കാർക്ക് നിക്ഷേപത്തുകയുടെ പകുതി കെട്ടിവച്ചാൽ മതി.ഒന്നിലധികം നാമനിർദേശം നൽകുന്നവർ ഒന്നിൽ കൂടുതൽ നിക്ഷേപം കെട്ടിവയ്‌ക്കേണ്ടതില്ല.