കൊച്ചി: ചോറ്റാനിക്കര അമ്മയ്ക്ക് 526 കോടി രൂപയുടെ ക്ഷേത്രനഗരി പദ്ധതി പ്രഖ്യാപിച്ച ബംഗളൂരു വ്യവസായി ഗണശ്രാവണ് സ്നേഹോഷ്മളമായ വരവേല്പ്. കുടുംബാംഗങ്ങളും ബംഗളൂരുവിൽ നിന്നുള്ള ആർക്കിടെക്ടുമാരും അടങ്ങുന്ന സംഘം ഞായറാഴ്ച രാത്രിയാണ് ചോറ്റാനിക്കരയിൽ എത്തിയത്. ഇന്നലെ രാവിലെ രണ്ട് മണിക്കൂറോളം സംഘം ക്ഷേത്രത്തിൽ തങ്ങി.
ഗണശ്രാവണിനെ തിരിച്ചറിഞ്ഞ ഭക്തരും ദേവസ്വം ജീവനക്കാരും കുശാലാന്വേഷണം നടത്താനും സെൽഫിയെടുക്കാനും കാത്തുനിന്നു.
ഇന്നലെ ക്ഷേത്രത്തിലെത്തിയ സംഘത്തെ കൊച്ചിൻ ദേവസ്വം ബോർഡ് ചോറ്റാനിക്കര അസി.കമ്മിഷണർ ബിജു ആർ.പിള്ള, മാനേജർ എം.ജി.യകുലദാസ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ദേവസ്വം ബോർഡംഗം എൻ.കെ. ശിവരാജനും ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. പദ്ധതിയുടെ രൂപകല്പന നിർവഹിച്ച അജിത്ത് അസോസിയേറ്റ്സ് ഡയറക്ടർ ബി.ആർ. അജിത്തും ഗണശ്രാവണിനൊപ്പം ക്ഷേത്രം സന്ദർശിച്ചു.
പ്രമുഖ സ്വർണവ്യവസായിയാണ് ഗണശ്രാവൺ. ദക്ഷിണാഫ്രിക്കയിൽ സ്വർണഖനിയുണ്ട്. വിദേശത്ത് മറ്റ് ബിസിനസുകൾക്കു പുറമേ, ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റിലും നിക്ഷേപമുണ്ട്. നാല് വർഷം മുമ്പാണ് ചോറ്റാനിക്കര ഭഗവതിയുടെ ഭക്തനായത്. ബിസിനസിലെ ഉയർച്ച അതിനുശേഷമാണെന്നും അത് ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നും ഗണശ്രാവൺ പറയുന്നു. തിരുപ്പതിയിലേതുപോലെ ഭക്തർക്കായി സൗകര്യങ്ങൾ ഒരുക്കാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ഘട്ടമായാണ് ഗണശ്രാവണിന്റെ സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് പണം മുടക്കുക. മേൽക്കാവിലെ ശ്രീകോവിൽ സ്വർണം കൊണ്ടും കീഴ്ക്കാവിലെ ശ്രീകോവിൽ വെള്ളി കൊണ്ടു പൊതിയാനും പദ്ധതിയുണ്ട്.
ക്ഷേത്രപരിസരം ശില്പചാതുരിയോടെ പുനർനിർമ്മിച്ച് സുന്ദരമായ ക്ഷേത്ര നഗരിയാക്കുകയാണ് ലക്ഷ്യം. പണമായി നൽകാതെ, നേരിട്ട് നിർമ്മാണം പൂർത്തിയാക്കി സമർപ്പിക്കും.
ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി ലഭിച്ച് ധാരണപത്രം ഒപ്പുവച്ച ശേഷമാകും നിർമ്മാണം.പ്രത്യേക സമിതി മേൽനോട്ടം വഹിക്കും.
ആദ്യഘട്ടത്തിനായി 254 കോടി നിർവഹണ കമ്മിറ്റിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാൻ ധാരണയായിട്ടുണ്ട്. പ്രാരംഭപ്രവർത്തനങ്ങൾക്ക് അഞ്ച് കോടി രൂപ നൽകണം.
നിർമ്മാണങ്ങൾ ചുറ്റമ്പലത്തിന് പുറത്തുമാത്രം
ക്ഷേത്രചുറ്റമ്പലത്തിന് പുറത്ത് മാത്രമാകും നിർമ്മാണ പ്രവർത്തനങ്ങൾ. സ്ഥലം ഏറ്റെടുക്കാൻ 50 കോടി നീക്കിവയ്ക്കും. പുതിയ ഗസ്റ്റ് ഹൗസുകൾ നിർമ്മിക്കും.
എം.കെ. ശിവരാജൻ, കൊച്ചിൻ ദേവസ്വം ബോർഡംഗം.
ക്ഷേത്രനഗരി തിരുപ്പതി മാതൃകയിൽ:ഗണശ്രാവൺ, 500 കിടക്കയുള്ള ആശുപത്രിക്ക് 150 കോടി
കൊച്ചി: ചോറ്റാനിക്കരയെ തിരുപ്പതി മാതൃകയിൽ ക്ഷേത്രനഗരിയായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗണശ്രാവൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനുമതി ലഭിച്ചാൽ ഒരു മാസത്തിനകം നിർമ്മാണം ആരംഭിക്കും. ചോറ്റാനിക്കര നിവാസികൾക്ക് പ്രയോജനകരമായ പദ്ധതികളും നടപ്പാക്കും.
സൗജന്യ ചികിത്സ ലഭിക്കുന്ന അഞ്ഞൂറ് കിടക്കകളുള്ള മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കും. 150 കോടി രൂപ ഇതിനായി മാറ്റിവയ്ക്കും. സ്ഥലം ലഭ്യമാകുന്നതോടെ നിർമ്മാണം ആരംഭിക്കും. വൃദ്ധസദനം, അന്നദാന മണ്ഡപം, ഏഴ് ഗസ്റ്റ് ഹൗസുകൾ, മൂന്ന് റിംഗ് റോഡുകൾ, ചെറുകിട കച്ചവടക്കാർക്ക് ഷോപ്പിംഗ് കോംപ്ളക്സ്, കരകൗശല ഉത്പന്നങ്ങൾ നിർമ്മിക്കാൻ വ്യവസായ പാർക്ക് തുടങ്ങിയ പദ്ധതികളും നടപ്പാക്കും.
അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കും. കിഴക്ക്, വടക്ക് ഗോപുരങ്ങളാണ് ആദ്യം നിർമ്മിക്കുക. ക്ഷേത്രം സ്വർണപാളികൾ കൊണ്ട് പൊതിയും.
ലാഭത്തിന്റെ വിഹിതം ചോറ്റാനിക്കരയുടെ വികസനത്തിന് നൽകുകയാണ്. തന്റെ ജീവിതം മാറ്റിമറിച്ചത് ചോറ്റാനിക്കര അമ്മയാണെന്ന് അദ്ദേഹം പറഞ്ഞു.