കോ ഓർഡിനേറ്റർമാർക്കെതിരെ പ്രേരക്മാർ
കൊച്ചി: സാക്ഷരതാ മിഷനിലെ ജില്ലാ കോ-ഓഡിനേറ്റർ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാർക്ക് അനുവദിച്ച കനത്ത ശമ്പളം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് പ്രേരക്മാർ നിയമപോരാട്ടത്തിന്.തുല്യതാപഠിതാക്കളുടെ രജിസ്ട്രേഷൻ ഇനത്തിൽ തങ്ങൾ സ്വരൂപിക്കുന്ന തനത് ഫണ്ടിൽ നിന്ന് ജില്ലാതലം മുതലുള്ള ഉദ്യോഗസ്ഥർ ഭാരിച്ച തുക ശമ്പളമായും മറ്റ് ആനുകൂല്യങ്ങളായും കൈപ്പറ്റുകയാണെന്നും താഴെത്തട്ടിൽ പ്രവർത്തിക്കുന്നവർക്ക് നാലു മാസമായി വേതനം കിട്ടുന്നില്ലെന്നുമാണ് പരാതി.തസ്തികനിർണയം നടത്താതെ 14 ജില്ലാ പ്രോജക്ട് കോ - ഓർഡിനേറ്റർ, 36 അസി. കോ-ഓർഡിനേറ്റർ തുടങ്ങി 50 തസ്തികകളിലാണ് 2016 സെപ്തംബർ മുതൽ വേതനം വർദ്ധിപ്പിച്ചു നൽകിയത്.
കരാർ നിയമനം എന്നപേരിൽ ജില്ലാ കോ-ഓർഡിനേറ്റർമാർക്ക് 14,000 രൂപയും അസി. കോ-ഓർഡിനേറ്റർമാർക്ക് 11500 രൂപയുമാണ് തുടക്കത്തിൽ അനുവദിച്ച ഓണറേറിയം. പിന്നീട് സീനിയർ ഹയർ സെക്കൻഡറി അദ്ധ്യാപകരുടേതിന് തുല്യമായി പരിഗണിച്ച് 2016 സെപ്തംബർ മുതൽ 39,500 രൂപയും 32,300 രൂപയുമാക്കി. 2019 ജൂൺ മുതൽ 42,305 രൂപയും 34,605 രൂപയുമാക്കി.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അദ്ധ്യാപകർക്ക് പോലും 25,000 രൂപയാണ് ഉയർന്ന വേതനം.കൊവിഡ് കാലത്തുപോലും ഫീൽഡിൽ ജോലിചെയ്യുന്നവർക്ക് ശമ്പളം നിഷേധിക്കുകയും ഓഫീസുകളിലിരിക്കുന്നവർക്ക് കൃത്യമായി ശമ്പളം നൽകുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നാണ് പ്രേരക്മാരുടെ നിലപാട്.