•നാല് ചുമട്ടുതൊഴിലാളി യൂണിയനുകൾ ഒരു കൂരയ്ക്ക് കീഴിൽ
കളമശേരി: ബിനാനിപുരത്തെ ട്രേഡ് യൂണിയൻ ഓഫീസ് ആരുടെയും കുത്തകയല്ല. അവകാശികളായി നാലു യൂണിയനുകളുണ്ട്. ഇത് സമത്വസുന്ദരമായ ലോകം.
'അന്ധമായ രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിൽ കണ്ടാൽ മിണ്ടാത്തവരുടെയും വഴക്കടിക്കുന്നവരുടെയും നാട്ടിൽ ഒരു കുടക്കീഴിൽ കഴിയുന്ന ഈ ചുമട്ടുതൊഴിലാളികളാ കണ്ടു പഠിക്കണം.
മൂന്നു പതിറ്റാണ്ടുകാലമായി ബിനാനിപുരം കവലയിൽ എല്ലാ യൂണിയൻ കാർക്കും കൂടി ഒരു ഓഫീസാണ് . 'സി.ഐ. ടി. യു, ബി.എം എസ്, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി യൂണിയനുകളിലെ ഇരുപതോളം തൊഴിലാളികളാണ് പൂൾ നമ്പർ 34 ൽ ഐക്യത്തോടെ കഴിയുന്നത്.
തൊട്ടടുത്ത വ്യവസായ ശാലകളിലെ ജോലി പങ്കു വയ്ക്കും. ഓണവും ക്രിസ്മസും പെരുന്നാളും ഒരുമിച്ചാഘോഷിക്കും. കുടുംബസമേതം വിനോദയാത്രയും നടത്തും. എല്ലാ പാർട്ടിപത്രങ്ങളും വരുത്തുന്നുണ്ട്. രാഷ്ട്രീയ വാഗ്വാദങ്ങളൊന്നും ഇവിടെയില്ല. കേരളത്തിൽ ഇതൊരപൂർവ്വ സംഭവമാണ്.
തൊഴിലാളികളുടെ സംഘത്തിലുമുണ്ട് സവിശേഷകൾ. സിവിൽ എൻജിനിയറിംഗ് പാസായ ആളാണ് ഫാസിൽ. ടെക്നീഷ്യനായ സുനിൽ ഉൾപ്പടെ മുൻപ്രവാസികളും ഇവരിൽ ഉൾപ്പെടുന്നു. ഉണ്ണിരാജ് (സി.ഐ.ടി.യു), രജീഷ് കുമാർ (ബി.എം.എസ്) ,സിദ്ധിക് (ഐ.എൻ.ടി.യു.സി), അബൂബക്കർ (എ.ഐ.ടി.യു.സി.) എന്നിവരാണ് യൂണിയൻ നേതാക്കൾ. ബി.എം.എസ് നേതാവായിരുന്ന സത്യൻ, ഐ.എൻ.ടി.യു.സി നേതാവായിരുന്ന ടി.കെ. രാധികേശൻ എന്നിവരാണ് ഈ കൂട്ടായ്മയെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിനു കീഴിൽ കൊണ്ടുവരാൻ സഹായിച്ചതെന്ന് സിദ്ധിക്ക് പറഞ്ഞു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ വീറും വാശിയും തർക്കങ്ങളും ഇവരെ ബാധിക്കാറില്ല. ആരോഗ്യകരമായ ചർച്ചകളും സംവാദങ്ങളും മാത്രമേ ഇവിടെയുള്ളൂ. ലക്ഷ്മണ രേഖ ലംഘിക്കാറില്ല. രാഷ്ട്രീയ ട്രേഡ് യൂണിയനുകൾ നിസാര കാര്യങ്ങൾക്കുപോലും വെട്ടും കുത്തും കൊലപാതകവും നടത്തുന്ന സംസ്ഥാനത്താണ് ഇത്തരം സൗഹൃദ സംഘടനാ പ്രവർത്തനം നാടിന് പ്രചോദനവും മാതൃകയുമാകുന്നത്.