വൈപ്പിൻ: വൈപ്പിൻ ദ്വീപിന്റെ കായലിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. വൃശ്ചികത്തിൽ വേലിയേറ്റ സമയത്ത് കായലും തോടുകളും നിറയാറുണ്ടെങ്കിലും കരയിലേക്ക് വെള്ളം അടിച്ചുകയറാറില്ല. വൃശ്ചികം ഒന്നാംതീയതിതന്നെ കായൽ നിറയുന്നതും ഇതാദ്യമാണ്.

ഞാറക്കൽ വലിയവട്ടം, മഞ്ഞനക്കാട്, കിഴക്കേ അപ്പങ്ങാട്, എടവനക്കാട് മൂരിപ്പാടം, കണ്ണുപിള്ളക്കെട്ട് പരിസരം, കൂട്ടുങ്ങൽചിറ, നായരമ്പലം കടേക്കുരിശിങ്കൽ, പള്ളിപ്പുറം, ചെറായി തൃക്കകടക്കാപ്പിള്ളി പ്രദേശങ്ങളിലാണ് വേലിയേറ്റ സമയത്ത് കായലും തോടുകളും ചെമ്മീൻ കെട്ടുകളും നിറഞ്ഞ് പറമ്പുകളിലേക്ക് വെള്ളം ഒഴുകിയത്. ചെറായി വാരിശേരി ക്ഷേത്രാങ്കണത്തിലും വെള്ളംകയറി. വേലിയേറ്റത്തിൽ വൻതോതിൽ മാലിന്യങ്ങളും കരയിലേക്ക് അടിച്ചുകയറി. വീട്ടുവളപ്പുകളിലെ പച്ചക്കറി കൃഷിക്കും ഉപ്പുവെള്ളം ഭീഷണിയായി. രണ്ട് ദിവസം കൂടി വെള്ളപ്പൊക്കമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

വർഷകാലത്തെ വെള്ളക്കെട്ട് വൈപ്പിൻ നിവാസികൾക്ക് പരിചിതമാണെങ്കിലും വേനൽകാലത്തെ വെള്ളക്കെട്ട് പുതിയ ദുരിതമായി. വെള്ളംഇറങ്ങിയാലും ചെളിയും മാലിന്യവും അടിഞ്ഞുകൂടിക്കിടക്കുന്നത് ദുരിതം വർദ്ധിപ്പിക്കും.