വൈപ്പിൻ: പാർട്ടിപിളർന്നെങ്കിലും തങ്ങൾക്ക് ശക്തി കൂടിയെന്നാണ് കേരള കോൺഗ്രസിലെ ജോസ്, ജോസഫ് വിഭാഗങ്ങളുടെ അവകാശവാദം. എൽ ഡി എഫ്, യു ഡി എഫ് മുന്നണികളിലുള്ള ഇവർ സീറ്റിനായി വില പേശുന്നതിൽ ഒരേ സ്വഭാവക്കാരാണെന്ന് മുന്നണി നേതാക്കൾ പറയുന്നു. ജോസ് വിഭാഗം കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലായി 10 വാർഡുകളും ബ്ലോക്ക് പഞ്ചായത്തിൽ മാനാട്ട്പറമ്പ് ഡിവിഷനുമാണ് എൽ.ഡി.എഫിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഒരു ബ്ലോക്ക് ഡിവിഷനും രണ്ട് പഞ്ചായത്ത് വാർഡുകളുമാണ് ഇവർക്ക് അനുവദിച്ചത്. ഇതിൽ തൃപ്തിയില്ലാതെ കൂടുതൽ സീറ്റുകൾക്കായി വില പേശൽ തുടരുകയാണ്.
യു.ഡി.എഫിൽ ജോസഫ് വിഭാഗത്തിന് രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളാണ് ലഭിച്ചത്. സാജു മേനാച്ചേരിക്ക് ഞാറക്കൽ അഞ്ചാംവാർഡും നായരമ്പലത്ത് എ.ഒ. ജോസഫിന് 14-ാം വാർഡും . കാര്യമായ വേരോട്ടമില്ലാത്തതിനാൽ പള്ളിപ്പുറത്ത് കേരള കോൺഗ്രസ് വിഭാഗങ്ങൾ അവകാശവാദവുമായി രംഗത്തില്ല.