gold

കളമശേരി: ഏലൂർ ഫാക്ട് ജംഗ്ഷനിലെ ഐശ്വര്യ ജുവല്ലറിയിൽ വൻ സ്വർണക്കവർച്ച. മൂന്നു കിലോ സ്വർണം, 25 കിലോ വെള്ളി , 6 ജോഡി ഡയമണ്ട്സ് റിംഗ് എന്നിവയാണ് മോഷണം പോയെന്നാണ് പരാതി​.

ഷോപ്പിംഗ് കോംപ്ളക്സി​ലെ കടയി​ൽ ജുവലറി​യും ബാർബർ ഷോപ്പും പ്രവർത്തി​ക്കുന്നുണ്ട്. പ്ലൈവുഡ് കൊണ്ടാണ് രണ്ടായി തിരിച്ചിട്ടുള്ളത്. ബാർബർ ഷോപ്പിനോടു ചേർന്നുള്ള ഭിത്തി പുറകു വശത്ത് നിന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.

ഇന്നലെ രാവിലെ 6 മണിക്ക്തൊട്ടടുത്ത ബേക്കറി ജീവനക്കാർ ഭിത്തി തുരന്നിട്ടതു കണ്ട് ഉടമയെ വിവരം അറി​യി​ക്കുകയായി​രുന്നു.

മുപ്പത്തടം ശോഭനാലയത്തിലെ വിജയകുമാർ (ഷാജി) ആണ് രണ്ടു കടയുടെയും ഉടമ. സി.സി.ടി.വി കാമറയുണ്ടെങ്കിലും പ്രവർത്തിച്ചിരുന്നി​ല്ല.

കാമറയുൾപ്പെടെയുള്ള വൈദ്യുത കണക്ഷനുകൾ മുറിച്ചു മാറ്റിയിരുന്നു. ഞായറാഴ്ച ജുവലറി ഷോപ്പ് തുറക്കാറില്ല. ബാർബർ ഷാപ്പ് രാത്രി 7 മണി വരെ പ്രവർത്തിക്കുകയും ചെയ്തിരുന്നു. മുടി വെട്ടുന്നഒരു ജീവനക്കാരൻ മാത്രമാണ് കടയിലുള്ളത്.

ചുറ്റിനും മൂന്നു ഷിഫ്റ്റ് പ്രവർത്തിക്കുന്ന വ്യവസായശാലകൾ ഉള്ളതും

എപ്പോഴും ആൾ സഞ്ചാരമുള്ള പ്രദേശമാണി​വി​ടം. ഫാക്ടിന്റെ സി.സി.ടി.വി കാമറകളും പരി​സരത്ത് ഉണ്ട്. സി.ഐ.എസ്.എഫ് ജവാന്മാർ കമ്പനി കവാടങ്ങൾക്കു മുന്നിൽ സദാസമയവും കാവലുമുണ്ടാകും. നൂറുമീറ്ററി​നുളളി​ലാണ് പൊലീസ് സ്റ്റേഷൻ. പരാതി​യെക്കുറി​ച്ച് വി​ശദമായി​ വി​ലയിരുത്തി​ വരി​കയാണ് പാെലീസ്.

ഡി.സി.പി രാജീവ്, എ.സി.പി. ലാൽജി, ഏലൂർ ഇൻസ്പെക്ടർ മനോജ്, എസ്.ഐ. പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയി​രുന്നു.