പറവൂർ: സർക്കാരിന്റെ കർമ്മപദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി - പട്ടികവർഗ വനിതകൾക്ക് പ്രത്യേക തൊഴിൽദാന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി, എസ്.ടി മഹിളാവിഭാഗം സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് വർദ്ധിച്ചുവരുന്ന സ്ത്രീപീഡന പരമ്പരകളിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. എസ്.സി, എസ്.ടി അതിക്രമം തടയൽ നിയമം ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി.കോൺഫെഡറേഷൻ സംസ്ഥാന ചാപ്റ്റർ പ്രസിഡന്റ് അഡ്വ. രാമൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹിളാവിഭാഗം സംസ്ഥാനപ്രസിഡന്റ് അഡ്വ. പി.കെ. ശാന്തമ്മ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. നടേശൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാവിഭാഗം ജനറൽ സെക്രട്ടറി ലീലാ സതീഷ്, മഹിളാവിഭാഗം ചീഫ് കോ - ഓർഡിനേറ്റർ തിലകമ്മ പ്രേംകുമാർ, ഓർഗനൈസിംഗ് സെക്രട്ടറി ബീനാ ബിജു എന്നിവർ സംസാരിച്ചു.