പറവൂർ: വേലിയേറ്റത്തിൽ പുഴയിൽനിന്ന് ഉപ്പ് വെള്ളം കയറിയതിനെ തുടർന്ന് വടക്കേക്കരയിലെ തീരദേശ പ്രദേശങ്ങളിലും വ്യാപകമായ കൃഷിനാശമുണ്ടായി. മാല്യങ്കര, കൊട്ടുവള്ളിക്കാട്, ചെട്ടിക്കാട് തുടങ്ങിയ തീരപ്രദേശങ്ങളിലാണ് പുരയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറിയത്. ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തിയായ വേലിയേറ്റത്തിലാണ് കനത്തതോതിൽ ഓരുവെള്ളം കയറിയത്. സുനാമിക്ക് ശേഷംവലിയ തോതിൽ ഈ പ്രദേശങ്ങളിൽ ഓരുവെള്ളം കയറുന്നത് ഇതാദ്യമാണ്. തെങ്ങ്, കവുങ്ങ്, മറ്റ് ഫലവൃക്ഷങ്ങളും പച്ചക്കറിതൈകളും മറ്റും ഉപ്പ് വെള്ളം കയറിയതിനെ തുടർന്ന് കരിഞ്ഞുണങ്ങുവാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.