കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി മുൻ എസ്.പി. കെ.ബി വേണുഗോപാൽ വീണ്ടും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. പ്രതിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന സി.ബി.ഐയുടെ വിശദീകരണം കണക്കിലെടുത്താണ് സിംഗിൾബെഞ്ച് വിധി. നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് ചെയ്യുന്ന പക്ഷം ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 41 എ പ്രകാരം മുൻകൂർ നോട്ടീസ് നൽകണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശമുണ്ട്.
സാമ്പത്തിക തട്ടിപ്പു കേസിൽ 2019 ജൂൺ 12 ന് രാജ്കുമാർ എന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നു ദിവസം കഴിഞ്ഞ് ജൂൺ 16 നാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ജൂൺ 21ന് ഇയാൾ മരിച്ചു. ഇതിന്റെ പേരിൽ നെടുങ്കണ്ടം എസ്.ഐ ഉൾപ്പെടെ എട്ടു പൊലീസുകാർക്കെതിരെ കേസെടുത്തിരുന്നു. കേസ് പിന്നീടു സി.ബി.ഐ യ്ക്കു കൈമാറി.
രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് മന്ത്രി എം.എം.മണിയുടെ നിർദ്ദേശ പ്രകാരമായിരുന്നോ എന്ന തരത്തിലാണ് സി.ബി.ഐ തന്നെ ചോദ്യം ചെയ്തതെന്ന് വേണുഗോപാൽ ഹർജിയിൽ പറഞ്ഞു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞിരുന്നില്ലെന്നാണ് വേണുഗോപാലിന്റെ നിലപാട്.