കൊച്ചി: കൊച്ചി നഗരസഭയിൽ യു.ഡി.എഫിൽ ഘടകകക്ഷികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നീളുന്നു. മുസ്ളീം ലീഗും കേരള കോൺഗ്രസുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. അവർക്കായി മാറ്റിയ ഡിവിഷനുകളിൽ മറ്റ് മുന്നണികൾ ആദ്യഘട്ടപ്രചാരണം തുടങ്ങി.
കഴിഞ്ഞ തവണ മത്സരിച്ച ഏഴ് സീറ്റ് ലീഗിനായി നൽകി. അതിൽ ഒരു സീറ്റ് വെൽഫെയർ പാർട്ടിയുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് നൽകും. ഡിവിഷൻ 69 തൃക്കണാർവട്ടമാണ് നൽകിയത്. എൽ.ഡി.എഫിൽ ഒരു സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുണ്ടായിരുന്നു. ഒഴിച്ചിട്ട കതൃക്കടവ് ഡിവിഷനിലെ സ്ഥാനാർത്ഥിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. കോൺഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ച മുൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി ജോസഫിന് വേണ്ടിയാണ് സീറ്റ് ഒഴിച്ചിട്ടതെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. അവർ കലൂർ സൗത്തിൽ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചതോടെ മുൻ കൗൺസിലർ സോജൻ ആന്റണിയെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കി. വനിതാ സ്ഥാനാർത്ഥിയെ ലഭിക്കാത്തതിനാൽ കേരള കോൺഗ്രസിന്റെ ഒരു സീറ്റിലും തീരുമാനമായിട്ടില്ല

# എൻ.ഡി.എയുടെ മൂന്ന് പ്രഖ്യാപനം ഇന്ന്

എൻ.ഡി.എയും മൂന്നിടങ്ങളിൽ സ്ഥാനാർത്ഥികളെ ഇനിയും പഖ്ര്യാപിക്കാനുണ്ട്. ആദ്യഘട്ടത്തിൽ 42 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും പിന്നീട് ഏഴിടങ്ങളിലുമടക്കം ബി.ജെ.പി മത്സരിക്കുന്ന 49 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ചർച്ചകൾ തുടരുന്നതായും അവശേഷിക്കുന്ന ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ ഇന്നു പ്രഖ്യാപിക്കുമെന്നും എൻ.ഡി.എ വൃത്തങ്ങൾ പറഞ്ഞു.

# തീരുമാനമാകാതെ ലീഗ്

സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി മുസ്ളീംലീഗിൽ ഭിന്നത തുടരുന്നു. 74 ഡിവിഷനുകളുള്ള കോർപ്പറേഷനിൽ കോൺഗ്രസ് മത്സരിക്കുന്ന 63 ഡിവിഷനിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ലീഗുമായുള്ള ചർച്ച നീളുകയാണ്.
കൽവത്തി (2), മട്ടാഞ്ചേരി (5), ചക്കമടം (9), തഴപ്പ് (14), കലൂർ നോർത്ത് (70), പൊറ്റക്കുഴി (72), എന്നിവയാണ് ലീഗ് സീറ്റുകൾ. തൃക്കണാർവട്ടത്ത് (69)വെൽഫെയർപാർട്ടിയിലെ കാജൾ സലീം ആണ് സ്ഥാനാർത്ഥി.
ഔദ്യോഗിക സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഡിവിഷനുകളിലെല്ലാം ലീഗിന് വിമതന്മാരുണ്ടെന്നതാണ് മറ്റൊരു വെല്ലുവിളി. സ്ഥാനാർത്ഥിമോഹികളും പാർട്ടിയിലെ സജീവ പ്രവർത്തകരുമായ നിരവധിപേർ പരിഗണന പട്ടികയിൽ ആദ്യം ഉണ്ടായിരുന്നു. തങ്ങളെ തഴഞ്ഞ് ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയായിരുന്നുവെന്നാണ് ലീഗ് ഡിവിഷനുകളിലെ വിമതന്മാർ പറയുന്നത്. എന്നാൽ എല്ലാകാലത്തും ലീഗിന്റെ ഡിവിഷനുകളിൽ വിമതന്മാർ ഉണ്ടാകാറുണ്ടെന്നും അതു തങ്ങളെ ബാധിക്കാറില്ലെന്നും ലീഗ് ജില്ല നേതൃത്വം ആശ്വാസം കണ്ടെത്തുന്നു.