കരുമാല്ലൂർ: കോൺഗ്രസ് നേതാവും കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കെ.സി. വിനോദ്കുമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. നാലാംവാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം ലഭിക്കാതിനെ തുടർന്നാണ് ഇടതുപക്ഷത്തേക്ക് പോയത്. സി.പി.എം നേതാവായിരുന്ന വിനോദ്കുമാറിന് വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മർദ്ദനമേറ്റിരുന്നു. ഇതിനുശേഷം സി.പി.എം വിട്ട് 2010ൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് വൈസ് പ്രസിഡന്റായി. പിന്നീട് കോൺഗ്രസിൽ ചേർന്നു. ഐ എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവുമായിരുന്നു. ഈ സ്ഥാനങ്ങളും രാജിവെച്ചു. കരുമാല്ലൂരിൽ സീറ്റ് ലഭിക്കാത്ത പ്രദേശിക നേതാക്കൾ പാർട്ടി വിടുമെന്ന ഭീഷണി ഉയർത്തുന്നുണ്ട്. കോൺഗ്രസിൽ സീറ്റ് വിഭജനം നീളുന്നത് പ്രവർത്തകർക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.