# എ ഗ്രൂപ്പ് നേതാവിന് രക്ഷകരായി ഐ ഗ്രൂപ്പ്
ആലുവ: ആലുവ നഗരസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വീണ്ടുംമാറ്റം. 26 -ാം വാർഡിൽ പ്രഖ്യാപിച്ചിരുന്ന സീന സക്കറിയക്ക് പകരം സീനത്ത് മൂസാക്കുട്ടിയെയാണ് അവസാനം പ്രഖ്യാപിച്ചത്. സിറ്റിംഗ് കൗൺസിലറും എ ഗ്രൂപ്പ് നേതാവുമായ പി.എം. മൂസാക്കുട്ടിയുടെ ഭാര്യയാണ് സീനത്ത്. സീനത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിന് എ ഗ്രൂപ്പ് സഹായിക്കാതിരുന്നതിനെ തുടർന്ന് ഐ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് അവസാനനിമിഷം സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്.
ഐ ഗ്രൂപ്പിനെ തന്ത്രപരമായി വെട്ടിനിരത്തി പ്രഖ്യാപിച്ച പട്ടികയ്ക്ക് മാറ്റം വരുത്തിയത് എ ഗ്രൂപ്പിന് അവസാന റൗണ്ടിൽ നേരിയ ക്ഷീണമായി.
ആറുമാസത്തിന് ശേഷം നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പേരിൽ അൻവർ സാദത്ത് എം.എൽ.എയെ സമ്മർദ്ദത്തിലാക്കിയാണ് എ ഗ്രൂപ്പ് ഐക്കാരെ വെട്ടിനിരത്തിയിരുന്നത്. 26 അംഗ കൗൺസിലിൽ കഴിഞ്ഞതവണ 10 സീറ്റിൽ മത്സരിച്ച ഐ ഗ്രൂപ്പിന് ഇക്കുറി ഏഴ് സീറ്റാണ് ലഭിച്ചത്. കഴിഞ്ഞതവണ മത്സരിച്ച കെ.വി. സരളയും നിഷാദ് അലിയും കെ. മുഹമ്മദാലിയുടെ അക്കൗണ്ടിലാണ് സ്ഥാനാർത്ഥികളായതെന്നും ഐ പക്ഷത്തിന് എട്ട് സീറ്റാണ് ലഭിച്ചതെന്നുമാണ് ഇപ്പോഴത്തെ വിശദീകരണം. ഐ ഗ്രൂപ്പിന്റെ കൈവശമിരുന്ന അഞ്ചാംവാർഡ് എ ഗ്രൂപ്പ് പിടിച്ചെടുത്താണ് വൈസ് ചെയർപേഴ്‌സന് സീറ്റ് നൽകിയത്.
പല വാർഡുകളിലും വാർഡ് കമ്മിറ്റികൾ നിർദേശിക്കാത്തവരെ കെട്ടിയിറക്കുകയും ചെയ്തു. വ്യക്തിപരമായ ഇഷ്ടവും അനിഷ്ടവും സ്ഥാനാർത്ഥി നിർണയത്തെ ബാധിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വം ലക്ഷ്യമിട്ട് മാസങ്ങൾക്കുമുമ്പേ വോട്ട് ചേർക്കലും മറ്റുമായി നടന്നവരെയെല്ലാം ഗ്രൂപ്പിന്റെയും അനിഷ്ടത്തിന്റെയും പേരിൽ പട്ടികയിൽനിന്ന് പുറത്താക്കി.
സ്ഥാനാർത്ഥി പട്ടികയിലുള്ള ഒരു പ്രമുഖന്റെ വാർഡിൽ സ്വതന്ത്രനായി പത്രിക നൽകാൻ തീരുമാനിച്ചയാളുടെ സുഹൃത്തുക്കളെ പ്രലോഭിപ്പിച്ച് പിന്തിരിപ്പിക്കാൻ ചിലർ ക്വട്ടേഷൻ എടുത്തതായി ആരോപണമുണ്ട്. സ്വതന്ത്രനെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. സ്ഥാനാർത്ഥിത്വം ലഭിക്കാത്തവർ നിശബ്ദ പ്രവർത്തനത്തിലൂടെ ഗ്രൂപ്പ് മാനേജർമാർക്ക് തിരഞ്ഞെടുപ്പിൽ മറുപടി നൽകാൻ നീക്കമുണ്ട്. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റും യുവനേതാവുമായ രഞ്ചുദേവസി റബൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന.