കിഴക്കമ്പലം: രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ പട്ടിമറ്റം, പത്താംമൈൽ റോഡിൽ ബി.എം,ബി.സി ടാറിംഗ് ജോലികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ പട്ടിമറ്റം മുതൽ പുളിഞ്ചോട് വരെയുള്ള ജോലികളാണ് പൂർത്തീകരിക്കുന്നത്. ഇന്നലെ അരകിലോമീറ്ററിൽ ടാറിംഗ് പൂർത്തീകരിച്ചു. റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നിർമ്മാണം ദ്രുതഗതിയിലായത്.
സർക്കാർ കിഫ്ബി വഴി 32.64 കോടി രൂപയാണ് അനുവദിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി 2018 ജൂലായ് 20 നാണ് 26.54 കോടി രൂപക്ക് റോഡ് നിർമ്മാണം ടെൻഡർ ചെയ്തത്. 18 മാസത്തിനകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. എന്നാൽ പദ്ധതി നീണ്ടു പോവുകയായിരുന്നു. അതേ സമയം റോഡ് നിർമ്മാണത്തിനു ടെൻഡർ എടുത്തിരിക്കുന്ന കരാറുകാരന് ഇതുവരെ റിവൈസ്ഡ് ബിൽ പാസാക്കി നൽകിയിട്ടില്ല. റോഡ് നിർമാണം ആരംഭിച്ചിട്ടും ബിൽ തുക നല്കാതെ വലയ്ക്കുകയാണെന്നാണ് പരാതി. പണം നൽകാതെ തുടർന്നുള്ള ജോലികൾ എങ്ങനെ മുന്നോട്ടു പോകുമെന്നാണ് കരാറുകാരന്റെ ചോദ്യം.