മൂവാറ്റുപുഴ: കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനിൽ ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുന്നത് കർഷക മനസ് തൊട്ടറിഞ്ഞ ഉല്ലാസ് തോമസ്. പൊതുപ്രവർത്തന രംഗത്ത് 25 വർഷത്തെ പ്രവർത്തനപരിചയമുള്ള ഉല്ലാസ് കാർഷിക വ്യാവസായിക മേഖലയുടെതടക്കം പൊതുവായ വികസനപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് നാളിതുവരെ പ്രവർത്തിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായ ഉല്ലാസ് രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം മൂവാറ്റുപുഴയിൽ മറ്റ് പ്രവർത്തന മേഖലകളിലേയും നിറ സാനിധ്യമാണ്. 2013-2014 നാളികേര കർഷകർക്ക് ആശ്വാസമായി നാളികേര വികസന ബോർഡിന്റെ കീഴിൽ സംസ്ഥാനത്ത് ആദ്യമായി കോക്കനട്ട് പ്രൊഡ്യുസേഴ്‌സ് സൊസൈറ്റി രൂപീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേരള എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ കൂത്താട്ടുകുളത്തുള്ള ബാപ്പുജി സ്‌കൂളിന്റെ പി.ടി.എ. പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2009 ൽ കൂത്താട്ടകുളം സ്പാർട്ടൻസ് ഫുട്ബാൾ ക്ലബ് രക്ഷാധികാരിയായി ചുമതലയേറ്റതോടെ കൂത്താട്ടുകുളത്ത് താത്കാലിക ഗ്യാലറി നിർമ്മിച്ച് സംസ്ഥാനതലത്തിലുള്ള പ്രമുഖ ഫുട്‌ബാൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. 2015 മുതൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി, ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള അഞ്ച് കോൺഗ്രസ് കമ്മിറ്റികളുടെ ചുമതലയുള്ള സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 1979 മുതൽ തുടർച്ചയായി 16 വർഷം പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പാലക്കുഴ കരോട്ട് പുത്തൻപുരയിൽ കെ.എ. തോമസിന്റെ മകനായ ഉല്ലാസ് പിതാവിന്റെ പാത പിന്തുടർന്നാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. 2000 ൽ ഗ്രാമപഞ്ചായത്തിൽ മത്സരിച്ച് വിജയിച്ചു. 2010 ൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ പാലക്കുഴ ഡിവിഷനിൽ മത്സരിച്ചു വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി രണ്ടരവർഷക്കാലം പ്രവർത്തിച്ചു. കൂത്താട്ടുകുളത്തും മൂവാറ്റുപുഴയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉല്ലാസ് കർണാടകയിൽ ഡി.ആർ.എം. സെയിന്റ്‌സ് കോളേജിൽ നിന്ന് പ്രീ. യൂണിവേഴ്‌സിറ്റി പഠനം കരസ്ഥമാക്കി. തുടർന്ന് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക്ക് അഡ്മിനിസ്ട്രഷൻ ബിരുദവും നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഇൻഫോർമേഷൻ ടെക്‌നോളജിയിൽ നിന്ന് പി.ജി.ഡി.സി.എയും പൂർത്തിയാക്കി. എലിസബത് ഉല്ലാസ് ആണ് ഭാര്യ. മക്കൾ: ആൻമറിയം ഉല്ലാസ് , ഷേബാ ലിസ് ഉല്ലാസ് , തോമസ് ആന്റോ ഉല്ലാസ് .