കൊച്ചി: സ്വപ്നയുടെ ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ യഥാർത്ഥത്തിൽ ആരുടേതെന്ന ഉത്തരം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കാക്കനാട് ജില്ലാ ജയിലിലെത്തി ചോദ്യംചെയ്തു. ഈ ചോദ്യം മാത്രമാണ് ഇന്നലെ ഉന്നയിച്ചത്. വ്യക്തത ലഭിച്ചോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ കസ്റ്റംസ് തയ്യാറായില്ല. ജയിലിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് എത്തിയ അന്വേഷണസംഘം അഞ്ചു മണിയോടെ മടങ്ങി.ലോക്കറിൽ നിന്ന് ലഭിച്ച പണം സ്വർണക്കടത്തിൽ സ്വപ്നയ്ക്ക് ലഭിച്ച പ്രതിഫലമെന്നായിരുന്നു കസ്റ്റംസിന്റെയും എൻ.ഐ.എയുടെയും കണ്ടെത്തൽ. എന്നാൽ, കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ശിവശങ്കറിന് ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കോഴയാണ് ആ പണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതോടെയാണ് കസ്റ്റസും എൻ.ഐ.എയും വെട്ടിലായത്. ഇക്കാര്യത്തിൽ നേരിട്ട് സ്ഥിരീകരണം ലഭിക്കാനാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യംചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ സൂപ്രണ്ട് വിവേക് വാസുദേവൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തിയത്. ശിവശങ്കറിനെ കസ്റ്റംസ് പ്രതിയാക്കുമോയെന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. നിലവിൽ ഇ.ഡി മാത്രമാണ് പ്രതിയാക്കി അറസ്റ്റ് ചെയ്തിട്ടുള്ളത്.