sivasankar

കൊച്ചി: കള്ളപ്പണക്കേസിൽ ഇ.ഡിയുടെ താത്പര്യപ്രകാരം ചില രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കോടതിയിൽ വ്യക്തമാക്കി. അർദ്ധസത്യങ്ങളും കള്ളങ്ങളും കൂട്ടിച്ചേർത്ത് ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയാനിരിക്കെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശിവശങ്കർ വിശദീകരണക്കുറിപ്പ് നൽകിയത്. സ്വപ്നയുമായും കുടുംബവുമായും അടുപ്പമുണ്ടായിരുന്നു. സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ല. സംസ്ഥാനത്തെ ഭരണത്തലവനുമായി അടുപ്പമുള്ള പദവിയിലിരുന്നതിനാൽ കേസിലേക്ക് വലിച്ചിഴച്ചെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കുടുക്കുന്നതെന്നും ശിവശങ്കർ ആരോപിച്ചു.

ശിവശങ്കർ പറയുന്നത്

 സ്വപ്നയുടെ ലോക്കറിലെ ഒരു കോടി രൂപ സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന എൻ.ഐ.എയുടെ കണ്ടെത്തലിന് വിരുദ്ധമായി കൈക്കൂലിയാണെന്നാണ് ഇ.ഡി പറയുന്നത്. പണം സ്വർണക്കടത്തിലൂടെയുള്ള സമ്പാദ്യമാണോയെന്നും ഇതു കള്ളപ്പണമാണോയെന്നുമാണ് ഇ.ഡി അന്വേഷിക്കുന്നത്.

 കസ്റ്റംസ് ഒാഫീസറെ വിളിച്ചെന്ന വാദം തെറ്റാണ്. 2019 ഏപ്രിലിൽ ഭക്ഷ്യവസ്തുക്കളടങ്ങിയ ബാഗു തടഞ്ഞ സംഭവത്തിൽ കൊച്ചിയിലെ എയർപോർട്ട് ഫുഡ് സേഫ്ടി ഉദ്യോഗസ്ഥനെ വിളിക്കാനാണ് സ്വപ്ന ആവശ്യപ്പെട്ടത്. എന്നാലതു ചെയ്തില്ല. സ്വർണക്കടത്തിന് മാസങ്ങൾക്ക് മുമ്പു നടന്ന സംഭവത്തെ ഇതുമായി കൂട്ടിച്ചേർത്തു ഹൈക്കോടതിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചു.

 മറ്റു പ്രതികളുടെ മൊഴികൾ ദുരുദ്ദേശ്യത്തോടെ ചോർത്തി നൽകി മാദ്ധ്യമ വിചാരണയ്ക്ക് ഇ.ഡി വഴിയൊരുക്കുന്നു. ഇക്കാര്യം കോടതി പരിശോധിക്കണം. സ്വർണക്കടത്തുമായി ശിവശങ്കറിനെ ബന്ധിപ്പിക്കാൻ കഴിയുന്ന സന്ദേശങ്ങൾ കൈമാറിയത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അഡി. സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിട്ടുണ്ട്.

 സ്വർണക്കടത്തിൽ പങ്കുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷിക്കുന്നില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന തരത്തിലാണ് അന്വേഷണം.

 വാട്സ്ആപ്പ് സന്ദേശങ്ങളിലെ തെളിവുകൾ അർദ്ധസത്യങ്ങളും കള്ളങ്ങളുമാണ്. സ്വപ്നയോടും വേണുഗോപാലിനോടും സംയുക്തമായി ലോക്കർ എടുക്കാൻ പറഞ്ഞിട്ടില്ല. ലോക്കർ ഇടപാടിൽ തനിക്കു ബന്ധമില്ലെന്ന് വാട്സ്ആപ്പ് സന്ദേശങ്ങളിൽ നിന്ന് വ്യക്തമാണ്.

 ലൈഫ് മിഷന്റെ കൈക്കൂലിയാണ് ഒരു കോടി രൂപയെന്ന സ്വപ്നയുടെ മൊഴി എൻ.ഐ.എ കേസിൽ നിന്ന് രക്ഷപ്പെടാമെന്നു വിശ്വസിപ്പിച്ചു വാങ്ങിയതാണോ എന്ന് സംശയം.